കൊൽക്കത്ത: മുഖ്യമന്ത്രി മമത ബാനർജിയുടെ വീടിന് സമീപം പ്രതിഷേധം നയിച്ചതിന് ബംഗാളിലെ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ സുകാന്ത മജൂംദാറിനെ പോലീസ് അറസ്റ്റ് ചെയ്തു. ദക്ഷിണ കൊൽക്കത്തയിലെ ഹസ്‌റയിൽ തൃണമൂൽ സർക്കാരിന്റെ അഴിമതിക്കെതിരെ ബിജെപി വൻ ജനകീയ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഈ റാലിയിൽ പങ്കെടുക്കാൻ വരുന്നതിനിടെയാണ് സുകാന്ത മജൂംദാറിനെ അറസ്റ്റ് ചെയ്തത്.
മമതയുടെ കാളിഘട്ട് വസതിക്ക് മീറ്ററുകൾ അകലെയാണ് പ്രതിഷേധം സംഘടിപ്പിച്ചിരുന്നത്.
റാലി ഉദ്ഘാടനം ചെയ്യാനിരുന്നത് സുകാന്ത മജൂംദാറാണ്. ഹസ്‌റയിൽ എത്തുന്നതിന് മുൻപ് അദ്ദേഹത്തെ പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. മുൻകരുതൽ അറസ്റ്റ് എന്നാണ് പോലീസിന്റെ വിശദീകരണം.
എന്നാൽ സുകാന്ത മജൂംദാറിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കൊൽക്കത്ത ലാൽ ബസാറിലെ പോലീസ് ആസ്ഥാനത്തിന് മുൻപിൽ ബിജെപി പ്രവർത്തകർ പ്രതിഷേധവുമായി തടിച്ചുകൂടി. മുദ്രവാക്യം വിളിച്ച് പ്രതിഷേധിച്ച പ്രവർത്തകരെയും പോലീസ് പിന്നീട് അറസ്റ്റ് ചെയ്തു നീക്കി. പോലീസും പ്രവർത്തകരും തമ്മിൽ ബലപ്രയോഗവും ഉണ്ടായി. ഏറെ നേരത്തിന് ശേഷം പ്രതിഷേധങ്ങളെ തുടർന്ന് സുകാന്ത മജൂംദാറിനെ വിട്ടയക്കുന്നതായും പോലീസ് അറിയിച്ചു.
സംഭവത്തിൽ ബിജെപി ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. തൃണമൂൽ കോൺഗ്രസിന്റെ അഴിമതി സർക്കാരിനെതിരെ ജനകീയ പ്രതിഷേധങ്ങൾ രൂപപ്പെട്ടുവരികയാണെന്ന് ബിജെപി സംസ്ഥാന വക്താവ് സാമിക് ഭട്ടാചാര്യ പറഞ്ഞു. പ്രതിഷേധങ്ങളെ സർക്കാർ ഭയക്കുന്നതുകൊണ്ടാണ് സുകാന്തയെ അറസ്റ്റ് ചെയ്തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബംഗാൾ മന്ത്രിയായിരുന്ന പാർത്ഥ ചാറ്റർജിയുടെ സഹായിയുടെ വസതിയിൽ നിന്നും 20 കോടി രൂപ കണ്െടത്തിയതുമായി ബന്ധപ്പെട്ട് തൃണമൂൽ കോൺഗ്രസും മമതയും വലിയ വിവാദത്തിലാണ്. കഴിഞ്ഞ ദിവസമാണ് ജനരോഷം ശക്തമായതോടെ
പാർത്ഥ ചാറ്റർജിയെ മന്ത്രിസഭയിൽ നിന്നും മമത പുറത്താക്കിയത്.
















Comments