ന്യൂഡൽഹി : 2022 കോമൺവെൽത്ത് ഗെയിംസിൽ സാങ്കേത് സർഗാർ മഹാദേവ വെള്ളി മെഡിൽ നേടി രാജ്യത്തിന് തന്നെ അഭിമാനമായിരിക്കുകയാണ്. മഹാരാഷ്‌ട്രയിലെ സാംഗ്ലിയിൽ നിന്നും ബര്‍മിങ്ഹാമിൽ നടക്കുന്ന കോമൺവെൽത്ത് ഗെയിംസ് വരെയുള്ള സാങ്കേതിന്റെ യാത്ര അത്ര എളുപ്പമായിരുന്നില്ല. സാങ്കേതിന്റെ അച്ഛൻ മഹാദേവ് ആനന്ദ സർഗാർ നാട്ടിൽ ചായക്കട നടത്തുകയാണ്. മൂത്ത മകനായ സാങ്കേതിന് ഒരു സഹോദരനും സഹോദരിയുമുണ്ട്. അമ്മ രാജശ്രീയും അച്ഛനൊപ്പം ചായക്കട നടത്താനുണ്ട്.
സാധാരണ കുടുംബത്തിന് മകന്റെ ഭാരിച്ച പരിശീലന ചെലവുകൾ താങ്ങാൻ കഴിയുമായിരുന്നില്ല. എന്നാൽ 13 ാം വയസ്സിൽ ഭാരോദ്വഹനത്തിൽ സാങ്കേത് താത്പര്യം പ്രകടിപ്പിച്ചപ്പോൾ മാതാപിതാക്കൾ അവനെ പിന്തിരിപ്പിച്ചില്ല. വീട്ടിലെ സാമ്പത്തിക സ്ഥിതി വളരെ മോശമായപ്പോഴും മകന്റെ ഡയറ്റിനെക്കുറിച്ചാണ് അച്ഛൻ വേവലാതിപ്പെട്ടത്.
വീട്ടുകാരെ ബുദ്ധിമുട്ടിലാക്കാതെ പരിശീലന ചിലവുകൾക്കുളള പണം കണ്ടെത്താനും സാങ്കേത് ശ്രമിച്ചിരുന്നു. എന്നും രാവിലെ അഞ്ചര മണിക്ക് എഴുന്നേറ്റിരുന്ന സാങ്കേത് അച്ഛനെ കടയിൽ സഹായിക്കും. ചായ ഉണ്ടാക്കുകയായിരുന്നു പ്രധാന ജോലി. ഇത് കഴിഞ്ഞ ശേഷം ജിമ്മിലേക്ക് പോകും. തന്റെ ബാല്യകാലം മുഴുവൻ കുടുംബത്തിനായി ത്യജിച്ച ആ കുട്ടിക്ക് ഒരേയൊരു ആഗ്രഹമേ ഉണ്ടായിരുന്നുള്ളൂ, ഭാരോദ്വഹനത്തിലൂടെ രാജ്യത്തിന്റെ കീർത്തി ഉയർത്തുക… ആ സ്വപ്‌നം ഇപ്പോൾ സാക്ഷാത്ക്കരിക്കപ്പെട്ടുവെന്ന് സാങ്കേതിന്റെ കുട്ടിക്കാലത്തെ പരിശീലകൻ
മയൂർ സിൻഹാസാനെ പറഞ്ഞു.
ഒന്നാമനായി എത്തുന്നതിന് മുമ്പ് സങ്കേതിന് സ്പോൺസറോ മറ്റോ ഉണ്ടായിരുന്നില്ല. അവന്റെ എല്ലാ കാര്യങ്ങളും അച്ഛനാണ് നോക്കിയിരുന്നത്. അവന്റെ ഭക്ഷണത്തിലും വ്യായാമത്തിലും അദ്ദേഹം പൂർണ്ണ ശ്രദ്ധചെലുത്തി. പണം കടം വാങ്ങിയാണ് അച്ഛൻ സാങ്കേതിനെ പരിശീലിപ്പിച്ചത് എന്ന് പരിശീലകൻ പറഞ്ഞു.
തന്റെ കുട്ടിക്കാലത്തെ ആഗ്രഹമായിരുന്നു ഭാരോദ്വഹനത്തിൽ പങ്കെടുക്കണമെന്നത് എന്ന് സാങ്കേതിന്റെ അച്ഛൻ പറയുന്നു. സാമ്പത്തിക പ്രശ്‌നങ്ങൾ കാരണം അത് നിറവേറ്റാനായില്ല. അതുകൊണ്ട് തന്നെ സാങ്കേത് ഇങ്ങനെയൊരാഗ്രഹം പറഞ്ഞപ്പോൾ എതിർത്തില്ല. അവന് വേണ്ടി എല്ലാ കാര്യങ്ങളും ചെയ്തുകൊടുത്തു. ചായക്കടയിലൂടെ കാര്യമായി സമ്പാദിക്കാൻ സാധിക്കാറില്ലെന്ന് മാത്രമല്ല മറ്റ് രണ്ട് മക്കളുടെയും വിദ്യാഭ്യാസവും മുന്നോട്ട് കൊണ്ടുപോകണമായിരുന്നു. അതുകൊണ്ട് തന്നെ പണം കടം വാങ്ങിയാണ് സാങ്കേതിനെ പരിശീലിപ്പിച്ചത്. തന്റെ ലക്ഷ്യം തന്റെ മകനിലൂടെ യാഥാർത്ഥ്യമാക്കാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് ഇപ്പോൾ മഹാദേവ്.
ദിഗ് വിജയ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വെയ്റ്റ്‌ലിഫ്റ്റിംഗിലാണ് സാങ്കേത് പരിശീലനം നടത്തിയത്. 2020 ൽ ഖേലോ ഇന്ത്യ യൂണിവേഴ്‌സിറ്റി ഗെയിംസിലും യൂത്ത് ഗെയിംസിലും തകർപ്പൻ പ്രകടനം നടത്തി. തുടർന്ന് പാട്യാലയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പോർട്‌സിലേക്ക് പരിശീലനത്തിനായി പോയി.
രാജ്യത്തിന് അഭിമാനമായി വെള്ളി മെഡൽ നേടിയതോടെ നാടെങ്ങും ആഘോഷത്തിലാണ്. സാങ്കേതിനെ വരവേൽക്കാൻ സാംഗ്ലിഒരുങ്ങിക്കഴിഞ്ഞു.
55 കിലോ വിഭാഗം ഭാരോദ്വഹനത്തിൽ സ്‌നാച്ചിലും ക്ലീൻ ആൻഡ് ജെർക്കിലുമായി 248 കിലോ ഉയർത്തിയായായിരുന്നു 21-കാരനായ സാങ്കേതിന്റെ മെഡൽ നേട്ടം. സ്വർണം പ്രതീക്ഷിച്ചിരുന്നെങ്കിലും അവസാന നിമിഷമുണ്ടായ പരിക്കുകൾ കാരണം താരത്തിന് അത് നഷ്ടപ്പെട്ടു. നേരിയ വ്യത്യാസത്തിലാണ് മലേഷ്യൻ താരം ഒന്നാം സ്ഥാനം നേടിയത്.
Comments