കോഴിക്കോട്: ഒരു കോടിയോളം രൂപയുടെ സ്വർണം കടത്താൻ ശ്രമിച്ച വിമാനക്കമ്പനി ജീവനക്കാരൻ പിടിയിൽ. കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നാണ് ഇയാളെ സിഐഎസ്എഫ് ഉദ്യോഗസ്ഥർ പിടികൂടിയത്. 2,647 ഗ്രാം സ്വർണമാണ് പ്രതി കടത്താൻ ശ്രമിച്ചത്. സംഭവത്തിൽ എയർപോർട്ട് ഗ്രൗണ്ട് സ്റ്റാഫ് ഷമീമിനെ പോലീസ് അറസ്റ്റ് ചെയ്തു.
വിദേശത്ത് നിന്ന് കരിപ്പൂരിൽ വന്നിറങ്ങിയ യാത്രക്കാരനിൽ നിന്നാണ് ഷമീം സ്വർണമിശ്രിതം കൈപ്പറ്റിയത്. തുടർന്ന് ഇത് എയർപോർട്ടിന് പുറത്തേക്ക് കടത്താൻ ശ്രമിക്കുമ്പോൾ സിഐഎസ്എഫിന്റെ പിടിയിലാകുകയായിരുന്നു. പുറത്തുള്ള ഏജന്റിന് സ്വർണം കൈമാറാൻ ശ്രമിക്കുന്നതിന് തൊട്ടുമുമ്പാണ് സംഭവം വെളിച്ചത്തായത്. ഷമീമിനെ നിലവിൽ കസ്റ്റംസിന് കൈമാറി. നിലവിൽ കസ്റ്റംസ് ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.
ജൂലൈ 26ന് കരിപ്പൂരിൽ കസ്റ്റംസ് നടത്തിയ പരിശോധനയിൽ ഒരു കോടിയോളം വിലമതിക്കുന്ന സ്വർണം കണ്ടെത്തിയിരുന്നു. മൂന്ന് യാത്രക്കാരിൽ നിന്നായി രണ്ട് കിലോയിലധികം സ്വർണമാണ് പിടികൂടിയത്. സംഭവത്തിൽ കുറ്റ്യാടി സ്വദേശി ആദിൽ, വടകര സ്വദേശി ഹാരിസ്, കൽപ്പറ്റ സ്വദേശി ഇല്യാസ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. മൂന്ന് പേരിൽ നിന്നായി പിടികൂടിയ സ്വർണത്തിന് വിപണിയിൽ ഒരു കോടി പത്തുലക്ഷം രൂപ വിലവരുമെന്ന് കസ്റ്റംസ് അറിയിച്ചു.
















Comments