ന്യൂഡൽഹി: ഭാരോദ്വഹനത്തിൽ ചരിത്രം കുറിക്കുകയാണ് ഇന്ത്യ. മൂന്ന് സ്വർണ മെഡലും രണ്ട് വെള്ളിയും ഒരു വെങ്കലും ഇതിനോടകം ഇന്ത്യൻ താരങ്ങൾ നേടിക്കഴിഞ്ഞു. ഏറ്റവുമൊടുവിൽ രാജ്യത്തിന് വേണ്ടി സ്വർണം നേടിയത് ബംഗാൾ സ്വദേശിയായ അചിന്ത സിയോളിയായിരുന്നു. ഇപ്പോഴിതാ അചിന്തയെ പ്രശംസിച്ചെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ട്വീറ്റും ചർച്ചയാകുകയാണ്.
മോദിയുടെ ഈ പ്രശംസാക്കുറിപ്പിൽ ഇത്തവണ ഒരു പ്രത്യേകതയുണ്ടായിരുന്നു. കോമൺവെൽത്ത് ഗെയിംസ് തുടങ്ങുന്നതിന് മുമ്പ് അചിന്തയുമായി നടത്തിയിരുന്ന സംഭാഷണം ഓർത്തെടുത്തിരിക്കുകയാണ് പ്രധാനമന്ത്രി.
ഒടുവിൽ അചിന്തയ്ക്ക് ഒരു സിനിമ കാണാൻ സമയം ലഭിച്ചുവെന്ന് കരുതുന്നു. ഇതായിരുന്നു മോദിയുടെ ട്വീറ്റ്. ഒപ്പം അചിന്തയോട് മോദി സംസാരിക്കുന്ന വീഡിയോയും അദ്ദേഹം ട്വിറ്ററിൽ പങ്കുവെച്ചു. ഈ ദൃശ്യങ്ങൾ കണ്ടതോടെയാണ് പ്രധാനമന്ത്രിയും അചിന്തയും തമ്മിൽ നേരത്തെ നടത്തിയ സംഭാഷണമെന്തായിരുന്നുവെന്ന് കാഴ്ചക്കാർക്ക് പിടികിട്ടിയത്. ഇതോടെ മോദിയുടെ വാക്കുകളുടെ അർത്ഥം കാഴ്ചക്കാർക്ക് മനസിലായി.
തനിക്ക് സിനിമകൾ കാണാൻ ഏറെ ഇഷ്ടമാണെന്നും എന്നാൽ തിരക്കേറിയ ഷെഡ്യൂളുകൾ മൂലം ഒന്നുപോലും കാണാൻ സാധിക്കുന്നില്ലെന്നും മോദിയുമായുള്ള സംഭാഷണത്തിനിടെ അചിന്ത സൂചിപ്പിച്ചിരുന്നു. കോമൺവെൽത്ത് ഗെയിംസിനായുള്ള പരിശീലനത്തെക്കുറിച്ചും തിരക്കുകളെക്കുറിച്ചും ആരാഞ്ഞപ്പോഴാണ് അചിന്ത ഇപ്രകാരം പറഞ്ഞത്. ഇതോർത്തുകൊണ്ടായിരുന്നു സ്വർണ നേട്ടത്തെ അഭിനന്ദിച്ച മോദി തന്റെ വാക്കുകളിൽ സിനിമയെക്കുറിച്ച് പരാമർശിച്ചത്.
തന്റെ അമ്മയും സഹോദരനും നൽകുന്ന പിന്തുണയെക്കുറിച്ചും അചിന്ത സിയോളി പ്രധാനമന്ത്രിയോട് സൂചിപ്പിച്ചിരുന്നു. ഇക്കാര്യവും പ്രധാനമന്ത്രി ഓർത്തെടുത്തു.
സ്വർണ മെഡലുമായി ഇന്ത്യയിലേക്ക് തിരിച്ചെത്തുന്ന യുവതാരത്തിന് ഇനി ഇഷ്ടപ്പെട്ട സിനിമകൾ കാണാൻ കഴിയുമെന്ന് മോദി ട്വീറ്റിൽ പറഞ്ഞു.
ശനിയാഴ്ച രാത്രിയായിരുന്നു ഇന്ത്യയ്‌ക്ക് മൂന്നാമത്തെ സ്വർണമെഡൽ അചിന്തയിലൂടെ ലഭിച്ചത്. 73 കിലോ ഗ്രാം വിഭാഗത്തിൽ 313 കിലോ ഗ്രാം ഭാരം ഉയർത്തിയായിരുന്നു അചിന്തയുടെ മെഡൽ നേട്ടം. തന്റെ സഹോദരനും പരിശീലകർക്കും ഈ നേട്ടം സമർപ്പിക്കുന്നുവെന്നായിരുന്നു മെഡൽ സ്വന്തമാക്കിയതിന് പിന്നാലെ അചിന്തയുടെ പ്രതികരണം.
Comments