ന്യൂഡൽഹി: പാർലമെന്റിൽ വിലക്കയറ്റത്തെ കുറിച്ച് ചർച്ച നടക്കുന്നതിനിടെ വിലയേറിയ ബാഗ് ക്യാമറകളിൽ നിന്നും ഒളിപ്പിക്കുന്ന തൃണമൂൽ കോൺഗ്രസ് എം പിയുടെ ചിത്രങ്ങൾ സാമൂഹിക മാദ്ധ്യമങ്ങളിൽ വൈറൽ ആകുന്നു. തൃണമൂൽ എം പി മഹുവ മൊയിത്രയാണ് ഒന്നേമുക്കാൽ ലക്ഷം രൂപ വില വരുന്ന ലൂയി വൂട്ടൺ ബാഗുമായി സഭയിൽ വന്നത്.
മറ്റൊരു തൃണമൂൽ എം പിയായ ഡോക്ടർ കാകളി ഗോസ്ത് ദസ്തിദാർ പ്രസംഗിക്കവെയാണ് മഹുവയുടെ ബാഗ് ക്യാമറയിൽ പെടുന്നത്. ലോക് സഭ ടിവിയുടെ ക്യാമറയിൽ ബാഗ് പെടാതിരിക്കാൻ അത് കാലിന്റെ അടുത്തേക്ക് നീക്കി വെക്കുന്ന മഹുവ മൊയിത്രയുടെ ദൃശ്യങ്ങൾ ഒരേ സമയം ചിരിയും ചിന്തയും ഉണർത്തുന്നതാണ്.
വിലക്കയറ്റം, നാണയപ്പെരുപ്പം, സാമ്പത്തിക ഞെരുക്കം തുടങ്ങിയ വലിയ വാക്കുകൾ ഉരുവിടുന്നവരുടെ പൊങ്ങച്ചമാണ് ഇതിലൂടെ തുറന്നു കാട്ടപ്പെടുന്നത് എന്നാണ് സാമൂഹിക മാദ്ധ്യമങ്ങളിൽ പൊതുവിൽ ഉയരുന്ന പരിഹാസങ്ങൾ. കൊറോണ വ്യാപനവും റഷ്യ- യുക്രെയ്ൻ യുദ്ധവും സൃഷ്ടിച്ച പ്രതിസന്ധികളിലും, പതറാതെ പിടിച്ചു നിൽക്കുന്ന ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ ലോകരാജ്യങ്ങളും റിസർവ് ബാങ്ക് മുൻ ഗവർണർമാരും പ്രശംസിക്കുമ്പോഴും, കേന്ദ്ര സർക്കാരിനെതിരെ പ്രതിപക്ഷം ആരോപണങ്ങൾ ഉന്നയിക്കുന്നത് തുടരുകയാണ്. ഈ സാഹചര്യത്തിലാണ് പ്രതിപക്ഷ അംഗങ്ങളുടെ ധൂർത്ത് ചർച്ചയാകുന്നത്.
Comments