ഡെറാഡൂൺ : പുണ്യനദിയായ ഗംഗയ്‌ക്ക് സമീപം കശാപ്പ് ശാലകൾ പാടില്ലെന്ന് ഉത്തരാഖണ്ഡ് ഹൈക്കോടതി. നദിതീരത്തിന്റൈ 500 മീറ്റർ ചുറ്റളവിൽ മാംസ വിൽപ്പന ശാലകൾ നിരോധിക്കണമെന്നാണ് നിർദ്ദേശം. ഹിന്ദുക്കൾ പവിത്രമായി കണക്കാക്കുന്ന ഗംഗയ്‌ക്ക് സമീപം മാംസം വിൽക്കുന്നത് നിരോധിച്ച ഉത്തരകാശി ജില്ലാ പഞ്ചായത്തിന്റെ തീരുമാനം ഉത്തരാഖണ്ഡ് ഹൈക്കോടതി ശരിവച്ചു. ഗംഗാ നദിയുടെ തീരത്ത് നിന്ന് 105 മീറ്റർ അകലെയുള്ള തന്റെ ഇറച്ചിക്കട മാറ്റാൻ ഉത്തരവിട്ടുകൊണ്ട് ഉത്തരകാശി ജില്ലാ പഞ്ചായത്ത് നൽകിയ നോട്ടീസ് ചോദ്യം ചെയ്ത് നവിദ് ഖുറേഷി എന്നയാളാണ് കോടതിയെ സമീപിച്ചത്.
ഉത്തരകാശി ജില്ലയിൽ മൃഗങ്ങളെ കശാപ്പ് ചെയ്യുന്നതിനും വിൽക്കുന്നതിനും മാംസക്കട നടത്തുന്നവർ ജില്ലാ പഞ്ചായത്തുമായി ബന്ധപ്പെട്ട അധികാരികളിൽ നിന്ന് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് വാങ്ങണമെന്നും ലൈസൻസ് നേടണമെന്നും ജസ്റ്റിസ് സഞ്ജയ് കുമാർ മിശ്ര നിരീക്ഷിച്ചു. ഉത്തരാഖണ്ഡിന്റെ പ്രത്യേക പദവിയും ഉത്തരകാശി ജില്ലയിൽ നിന്ന് ഉത്ഭവിക്കുന്ന ഗംഗ നദിയുടെ പവിത്രതയും കണക്കിലെടുത്താണ് ജില്ലാ പഞ്ചായത്ത് എടുത്ത തീരുമാനത്തെ അംഗീകരിക്കുന്നത് എന്ന് കോടതി പറഞ്ഞു. കൂടാതെ, ഗംഗയുടെ തീരത്ത് നിന്ന് 500 മീറ്ററിനുള്ളിൽ ഇറച്ചി സ്റ്റോർ നടത്തുന്നതിന് ഖുറേഷിക്ക് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് നൽകാൻ ഉത്തരകാശി ജില്ലാ മജിസ്ട്രേറ്റ് വിസമ്മതിച്ചതിൽ ഒരു തെറ്റുമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
2016 ഫെബ്രുവരി 27 നാണ് ഗംഗാതീരത്ത് നിന്ന് 105 മീറ്റർ അകലെയുള്ള ഖുറേഷിയുടെ മാംസക്കട 7 ദിവസത്തിനകം മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പഞ്ചായത്ത് നോട്ടീസ് നൽകിയത്. ഇത്തരം നിയമങ്ങൾ രൂപീകരിക്കാൻ ജില്ലാ പഞ്ചായത്തിനും തദ്ദേശ സ്ഥാപനങ്ങൾക്കും അധികാരമുണ്ടെന്ന് ഉത്തരാഖണ്ഡ് ഹൈക്കോടതി നിരീക്ഷിച്ചു. തുടർന്നാണ് ഖുറേഷിയുടെ ഹർജി തള്ളിയത്.
Comments