ന്യൂഡൽഹി: രാജ്യത്ത് മങ്കിപോക്സ് കേസുകൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ആശങ്കപെടാനില്ലെന്ന് വ്യക്തമാക്കി കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ.രോഗ വ്യാപനം തടയുന്നതിനായി പൊതു അവബോധമാണ് ആവശ്യമെന്നും സംസ്ഥാന സർക്കാരുമായി ചേർന്ന് ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ടാസ്ക് ഫോഴ്സിന്റെ നിരീക്ഷണാടിസ്ഥാനത്തിൽ തുടർ നടപടികൾ കൈക്കൊള്ളും. കേരളത്തിന് ആവശ്യമായ എല്ല സാഹയങ്ങളും കേന്ദ്ര സർക്കാർ ഉറപ്പു നൽകി.കേരളത്തിലെ രോഗ സാഹചര്യം കേന്ദ്ര സംഘം നിരന്തരമായി വിലയിരുത്തുന്നുണ്ടെന്നും അറിയിച്ചു.
മങ്കിപോക്സ് കേസുകൾ ലോകത്തിന്റെ പല ഭാഗത്തും റിപ്പോർട്ട് ചെയ്തിരുന്ന സാഹചര്യത്തിൽ നേരത്തെ തന്നെ രോഗ പ്രതിരോധ മാർഗങ്ങൾ സ്വീകരിച്ചിരുന്നു. കേരളത്തിൽ ആദ്യ കേസ് റിപ്പോർട്ട് ചെയ്യുന്നതിന് മുൻപ് തന്നെ സുരക്ഷാ മാർഗങ്ങൾ പുറത്തിറക്കിയിരുന്നു.നീതി ആയോഗ് അംഗത്തിന്റെ നേതൃത്വത്തിൽ ടാസ്ക് ഫോഴ്സിനും രൂപം നൽകി. കൃത്യമായി പരിശോധനകൾ നടത്തി രോഗവ്യാപന സാഹചര്യം ഒഴിവാക്കുകയെന്ന ലക്ഷ്യത്തിലാണ് ഇവ പ്രവർത്തിക്കുന്നത്. വിദേശ യാത്രകൾ കഴിഞ്ഞെത്തുന്നവർ കൃത്യമായി ആരോഗ്യ വകുപ്പിനെ അറിയിക്കാനും സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിനെയും ഇക്കാര്യങ്ങൾ അറിയിക്കണമെന്നും നിർദേശിച്ചു.
മങ്കിപോക്സ് രോഗികളുടെ കുടുംബങ്ങൾ രണ്ടാഴ്ച കാലം അകലം പാലിച്ചാൽ രോഗ വ്യാപനം തടയാൻ കഴിയുമെന്നും സൂചിപ്പിച്ചു.കൊറോണയെ പ്രതിരോധിച്ചതു പോലെ തന്നെ മങ്കിപോക്സിനെയും മാസ്കും സാമൂഹിക അകലവും പാലിച്ച് പ്രതിരോധിക്കാമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. 1970-കളിൽ ആഫ്രിക്കൻ രാജ്യങ്ങളിൽ വ്യാപകമായി കണ്ടു വന്നിരുന്ന സാധാരണ വൈറൽ രോഗമാണ് മങ്കിപോക്സ്. അതിന്റെയൊരു വകഭേദം മാത്രമാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നതെന്നും ആയതിനാൽ ആശങ്ക വേണ്ടെന്നും ജാഗ്രത പാലിച്ചാൽ മതിയെന്നും മന്ത്രി വ്യക്തമാക്കി.
രോഗ സാഹചര്യം രൂക്ഷമാകുന്നതിന് മുൻപ് തന്നെ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസേർച്ച് മങ്കിപോക്സ് വാക്സിൻ നിർമ്മിക്കാൻ സന്നദ്ധത അറിയിച്ചതായും മാണ്ഡവ്യ വ്യക്തമാക്കി. ഇതിനായി വിവിധ കമ്പനികളിൽ നിന്നും താൽപര്യപത്രങ്ങൾ ക്ഷണിച്ചിരുന്നു.
Comments