ഹോങ്കോംഗ്: അമേരിക്കൻ പ്രതിനിധി സഭാ സ്പീക്കർ നാൻസി പെലോസിയുടെ തായ്‌വാൻ സന്ദർശനത്തിന്റെ പശ്ചാത്തലത്തിൽ മേഖലയിൽ യുദ്ധ സന്നാഹം. തായ്‌വാൻ കടലിടുക്കിന് സമീപത്തേക്ക് ചൈനീസ് യുദ്ധവിമാനങ്ങൾ പുറപ്പെട്ടു എന്ന വാർത്തയ്‌ക്ക് പിന്നാലെ, വിമാന വാഹിനി കപ്പൽ ഉൾപ്പെടെ 4 യുദ്ധക്കപ്പലുകൾ തായ്‌വാന്റെ കിഴക്കൻ മേഖലയിൽ വിന്യസിച്ച് അമേരിക്കയും നിലയുറപ്പിച്ചു. ചൈനയുടെയും അമേരിക്കയുടെയും നീക്കം ആശങ്കയോടെയാണ് ലോകരാജ്യങ്ങൾ നോക്കിക്കാണുന്നത്.
എന്നാൽ യുദ്ധക്കപ്പലുകൾ അയച്ച നടപടി പതിവ് സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമാണ് എന്നാണ് അമേരിക്ക നൽകുന്ന വിശദീകരണം. തായ്‌വാന് കിഴക്ക് ഫിലിപ്പൈൻസ് കടലിലായിരുന്ന യു എസ് എസ് റൊണാൾഡ് റീഗൻ എന്ന വിമാനവാഹിനി കപ്പൽ, തെക്കൻ ചൈന കടലിനെ ലക്ഷ്യമാക്കി നീങ്ങുന്നതായാണ് വിവരം. യു എസ് എസ് ട്രിപ്പോളിയും മേഖലയിൽ എത്തിയതായി അമേരിക്കൻ നാവിക സേന സ്ഥിരീകരിച്ചു.
ഇന്നാണ് പെലോസിയുടെ തായ്‌വാൻ സന്ദർശനം. പെലോസി തായ്‌വാൻ സന്ദർശിച്ചാൽ കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് ചൈന മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ചൈനീസ് ഭീഷണി അവഗണിച്ച് സന്ദർശനവുമായി മുന്നോട്ട് പോകാനാണ് അമേരിക്കയുടെ തീരുമാനം.
ചൈന ഉയർത്തുന്ന ഭീഷണിക്ക് മുന്നിൽ മുട്ടുമടക്കാൻ തയ്യാറല്ലെന്ന് തായ്‌വാനും വ്യക്തമാക്കിയിട്ടുണ്ട്. കടന്നുകയറ്റങ്ങളെ നേരിടാൻ സൈന്യം സജ്ജമാണെന്ന് തായ്‌വാൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. തായ്‌വാനെ ഭീഷണിപ്പെടുത്താൻ മേഖലയിൽ നിരന്തരം അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്ന ചൈന, അടുത്തയിടെ തായ്‌വാനീസ് അതിർത്തിക്ക് സമീപം സേനാഭ്യാസങ്ങൾ നടത്തിയിരുന്നു.
Comments