വിപണിയിലിറക്കിയ നിരവധി ഇലക്ട്രിക് സ്കൂട്ടറുകൾ തീപിടിച്ച സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഗുരുഗ്രാമിൽ നിന്നുള്ള ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ കൊമാക്കി പുതിയ ബാറ്ററികൾ നിർമ്മിക്കാനൊരുങ്ങുന്നു. പുതിയ ലിഥിയം-അയൺ ഫെറോ ഫോസ്ഫേറ്റ് (LiFePO4) ബാറ്ററികൾ പുറത്തിറക്കുമെന്നാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്. സാധാരണ ലി-അയൺ ബാറ്ററികളേക്കാൾ പ്രതിരോധ ശക്തി ഇവയ്ക്കുണ്ടെന്നും അഗ്നിയ്ക്കിരയാകാൻ സാധ്യത കുറവാണെന്നും കമ്പനി അവകാശപ്പെടുന്നു.
പുതുതായി വികസിപ്പിച്ചെടുത്ത LiFePO4 ബാറ്ററികളിൽ അയൺ അടങ്ങിയിട്ടുണ്ട്, ഇത് കടുത്ത താപനിലയിലും ബാറ്ററിയെ സുരക്ഷിതമാക്കുമെന്ന് കൊമാകി പറയുന്നു. ബാറ്ററി പാക്കിനുള്ളിൽ ഉൽപ്പാദിപ്പിപ്പെടുന്ന കടുത്ത താപനിലയെ നേരിട്ട് കുറയ്ക്കുന്ന ചെറിയ സെല്ലുകൾ ബാറ്ററികളിലുണ്ട്. സാധാരണ ബാറ്ററികളുമായി താരതമ്യപ്പെടുത്തുമ്പോൾ, പുതുതായി വികസിപ്പിച്ച LiFePO4 യൂണിറ്റുകൾക്ക് 2,500-3,000 വാട്ടാണ് പവർ. ഒറ്റ ചാർജിൽ 300 കിലോമീറ്ററിലധികം റേഞ്ച് നൽകുമെന്ന് കമ്പനി അവകാശപ്പെടുന്നുണ്ട്.
ബാറ്ററികൾക്കായി ഒരു ‘ആക്ടീവ് ബാലൻസിങ് മെക്കാനിസം’ വികസിപ്പിച്ചിട്ടുണ്ടെന്നും കൊമാക്കി പറയുന്നു. ഇത് പേര് പോലെ തന്നെ ബാറ്ററിയുടെ ആയുസ്സ് വർദ്ധിപ്പിക്കുന്നു. അതേസമയം ബാറ്ററിയുടെ പ്രവർത്തനത്തെ സംബന്ധിച്ചുള്ള വിശദമായ വിവരങ്ങൾ കമ്പനി വ്യക്തമാക്കുന്നില്ല. പുതിയ ബാറ്ററികളുടെ ലോഞ്ച് കൂടാതെ, ഉപഭോക്താക്കൾക്ക് തത്സമയ ഡാറ്റ സുഗമമാക്കുന്നതിന് ആപ്പ് അടിസ്ഥാനമാക്കിയുള്ള സേവനവും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്.
Comments