കഴിഞ്ഞ അഞ്ച് സാമ്പത്തിക വർഷത്തിനിടെ 1.12 ലക്ഷം ഏക്കർ ഭൂമി പുകയില കൃഷിയിൽ നിന്ന് ബദൽ വിളകളിലേക്ക് മാറ്റി. ലോക്സഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ”കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 2017-18 മുതൽ 2021-22 വരെയുള്ള കാലയളവിൽ 1,11,889 ഏക്കർ ഭൂമി പുകയില കൃഷിയിൽ നിന്ന് മറ്റ് ഇതര വിളകൾക്കായി മാറ്റിയതായി അദ്ദേഹം പറഞ്ഞു.
ആന്ധ്രാപ്രദേശ്, ബീഹാർ, ഗുജറാത്ത്, കർണാടക, മഹാരാഷ്‌ട്ര, ഒഡീഷ, തമിഴ്നാട്, തെലങ്കാന, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ എന്നീ 10 സംസ്ഥാനങ്ങളാണ് കൂടുതൽ പുകയില ഉൽപ്പാദിപ്പിക്കുന്നത്. ഈ സംസ്ഥാനങ്ങളിലാണ് കൃഷിവകുപ്പ്, രാഷ്‌ട്രീയ കൃഷി വികാസ് യോജനയുടെ (ആർകെവിവൈ) ഉപപദ്ധതിയായ വിള വൈവിധ്യവൽക്കരണ പരിപാടി നടപ്പിലാക്കുന്നത്. 2015-16 മുതൽ ബദൽ വിളകൾ/വിള സമ്പ്രദായത്തിലേക്ക് മാറാൻ കർഷകരെ പ്രോത്സാഹിപ്പിക്കുന്നുണ്ട്.
ഈ പരിപാടിക്ക് കീഴിൽ, പുകയില ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനങ്ങൾക്ക് പുകയില വിളകളിൽ നിന്ന് ബദൽ കാർഷിക/ഹോർട്ടികൾച്ചറൽ വിളകളിലേക്ക് മാറുന്നതിന് അനുയോജ്യമായ പ്രവർത്തനങ്ങൾ നടത്താനുള്ള സൗകര്യം നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
Comments