ലക്‌നൗ:ഉപരാഷ്‌ട്രപതി തിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥി ജഗ്ദീപ് ധൻകറിന് പിന്തുണ പ്രഖ്യാപിച്ച് ബഹുജൻ സമാജ് പാർട്ടി. ബിഎസ്പി അദ്ധ്യക്ഷ മായാവതിയാണ് പിന്തുണയ്‌ക്കുന്നതായി വ്യക്തമാക്കിയത്. പ്രസ്ഥാനവും പൊതുതാൽപ്പര്യവും കണക്കിലെടുത്താണ് പിന്തുണ നൽകാനുള്ള തീരുമാനമെന്ന് മായാവതി ട്വിറ്ററിൽ വ്യക്തമാക്കി.
മാർഗരറ്റ് ആൽവയെയാണ് ജഗ്ദീപ് ധൻകറിന്റെ എതിരാളിയായി പ്രതിപക്ഷം പ്രഖ്യാപിച്ചിരിക്കുന്നത്. പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാർത്ഥി ആയാണ് ആൽവ മത്സരത്തിനിറങ്ങുന്നത്.ഓഗസ്റ്റ് ആറിനാണ് ഉപരാഷ്‌ട്രപതി തിരഞ്ഞെടുപ്പ് നടക്കുക.രാജ്യസഭയിലെയും ലോക്സഭയിലെയും അംഗങ്ങളാണ് ഉപരാഷ്‌ട്രപതിയെ തിരഞ്ഞെടുക്കുന്നത്. തിരഞ്ഞെടുപ്പിൽ എൻഡിഎയുടെ ജഗ്ദീപ് ധൻകറിന് ബിജു ജനതാദളും(ബിജെഡി) പിന്തുണ പ്രഖ്യാപിച്ചിരുന്നു. എന്നാൽ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കുമെന്ന് തൃണമൂൽ കോൺഗ്രസ് അറിയിച്ചു.
അഭിഭാഷകനായ ധൻകർ 1989-ലാണ് രാഷ്‌ട്രീയത്തിൽ പ്രവേശിക്കുന്നത്. 2019 ജൂലൈയിൽ പശ്ചിമ ബംഗാൾ ഗവർണറായി ചുമതലയേറ്റതിനുശേഷം മമത ബാനർജി സർക്കാരിന്റെ വഴിവിട്ട നീക്കങ്ങൾക്കെതിരെ പലപ്പോഴും എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.അടുത്തിടെയാണ് അദ്ദേഹം ഗവർണർ സ്ഥാനം രാജിവെച്ചത്.
















Comments