2022 ജൂലൈ മാസത്തെ വിൽപ്പന കണക്കുകൾ വെളിപ്പെടുത്തി ജാപ്പനീസ് ഇരുചക്ര വാഹന ബ്രാന്‍ഡായ ഹോണ്ട മോട്ടോർസൈക്കിൾ ആന്‍ഡ് സ്‍കൂട്ടർ ഇന്ത്യ. കഴിഞ്ഞ മാസം 4,43,643 ഇരുചക്രവാഹനങ്ങളാണ് കമ്പനി വിറ്റഴിച്ചത്. 15 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആഭ്യന്തര വിപണിയിൽ 4,02,701 യൂണിറ്റുകളും മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തത് 40,942 യൂണിറ്റുകളുമാണെന്നാണ് കമ്പനി വ്യക്തമാക്കുന്നത്.
കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഹോണ്ടയുടെ മൊത്തം വിൽപ്പന 3,85,533 യൂണിറ്റായിരുന്നു. 2021 ജൂലൈയിൽ ആഭ്യന്തര വിപണിയിൽ വിറ്റഴിച്ചത് 3,40,133 യൂണിറ്റുകളും മറ്റ് രാജ്യങ്ങളിലേയ്‌ക്ക് കയറ്റി അയച്ചത് 45,400 യൂണിറ്റുകളുമാണ്. 2022 ജൂണിൽ കമ്പനി വിറ്റഴിച്ചത് 3,83,882 യൂണിറ്റുകളാണ്. ഇത് താരതമ്യപ്പെടുത്തുമ്പോൾ ഹോണ്ട ടൂ-വീലർ ഇന്ത്യ വില്പപനയിൽ 15.5 ശതമാനം വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്.
വിപണിയിൽ തങ്ങളുടെ വാഹനങ്ങൾക്ക് ഉപഭോക്താക്കളിൽ നിന്ന് ലഭിക്കുന്ന പിന്തുണ പ്രോത്സാഹനമാണെന്ന് ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ പ്രസിഡന്റും സിഇഒയുമായ അത്സുഷി ഒഗാറ്റ പറഞ്ഞു. വരാനിരിക്കുന്ന ഉത്സവ സീസണിലും വളർച്ച വേഗത്തിലാക്കാൻ കഴിയുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ മാസമാണ് ഹോണ്ട SP125 ഓസ്‌ട്രേലിയയിലേക്കും ന്യൂസിലാന്റിലേയ്‌ക്കും കയറ്റുമതി ചെയ്യാൻ തുടങ്ങിയത്. കൂടാതെ വാറങ്കൽ (തെലങ്കാന), മധുര (തമിഴ്നാട്) തൊടുപുഴ (കേരളം), മലപ്പുറം (കേരളം) എന്നിവിടങ്ങളിൽ പ്രീമിയം ഹോണ്ട ബിഗ്വിംഗ് ഔട്ട്ലെറ്റുകളും കമ്പനി ഉദ്ഘാടനം ചെയ്തുവെന്നും സിഇഒ പറഞ്ഞു.
Comments