ബർമിങ്ങാം : കോമൺവെൽത്ത് ഗെയിംസിൽ ഭാരോദ്വഹന വിഭാഗത്തിൽ ഇന്ത്യയ്‌ക്ക് പത്താം മെഡൽ. പുരുഷന്മാരുടെ 109 കിലോ വിഭാഗം ഭാരോദ്വഹനത്തിൽ ഇന്ത്യയുടെ ഗുർദീപ് സിംഗ് വെങ്കലം നേടി. ആകെ 390 കിലോഗ്രാം ഭാരമുയർത്തിയാണ് ഗുർദീപ് സിംഗ് മെഡൽ കരസ്ഥമാക്കിയത്
സ്നാച്ചിന്റെ ആദ്യ ശ്രമത്തിൽ 167 കിലോ ഉയർത്താൻ സിംഗിന് സാധിച്ചില്ല. എന്നാൽ രണ്ടാമത്തെ ശ്രമത്തിൽ, അതേ ഭാരം വേഗത്തിൽ ഉയർത്താൻ അദ്ദേഹത്തിന് കഴിഞ്ഞു. മൂന്നാം ശ്രമത്തിൽ 173 കിലോ ഉയർത്താനും സിംഗ് പരാജയപ്പെട്ടു. ക്ലീൻ ആൻഡ് ജെർക്ക് വിഭാഗത്തിൽ ആദ്യ ശ്രമത്തിൽ തന്നെ ഗുർദീപ് സിംഗ് 207 കിലോ ഉയർത്തി. രണ്ടാം ശ്രമത്തിൽ 215 കിലോ ഉയർത്തുന്നതിൽ പരാജയപ്പെട്ടെങ്കിലും അവസാന ശ്രമത്തിൽ 223 കിലോ വിജയകരമായി ഉയർത്തി. 390 കിലോഗ്രാം ഭാരം ഉയർത്തിയാണ് സിംഗ് വെങ്കല മെഡൽ സ്വന്തമാക്കി.
കഠിനാധ്വാനവും അർപ്പണബോധവും മികച്ച ഫലങ്ങളിലേക്ക് നയിക്കുന്നു എന്നാണ് ഗുർദീപ് സിംഗിനെ അഭിനന്ദിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. കോമൺവെൽത്തിൽ ഭാരോദ്വഹനത്തിൽ വെങ്കല മെഡൽ നേടിയ ഗുർദീപ് സിംഗിന്റെ വിജയത്തിന് കാരണം ഇതാണ്. മെഡൽ നേടിക്കൊണ്ട് ഗുർദീപ് സിംഗ് സന്തോഷത്തിന് ഇരട്ടിമധുരം നൽകിയിരിക്കുകയാണ്. താരത്തിന് എല്ലാവിധ അഭിനന്ദനങ്ങളും ആശംസകളും നേരുന്നുവെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
ഗുർദീപിനെ അഭിനന്ദിച്ചുകൊണ്ട് കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂറും രംഗത്തെത്തി. പതിറ്റാണ്ടുകളായി ചാമ്പ്യന്മാരുടെ സ്ഥലമായ പാട്യാലയിൽ നിന്നും മറ്റൊരു മെഡൽ ജേതാവ് എന്നാണ് അദ്ദേഹം ട്വിറ്ററിൽ കുറിച്ചത്. ഗുർദീപിന് അദ്ദേഹം അഭിനന്ദനങ്ങൾ അറിയിച്ചു.
കോമൺവെൽത്ത് ഗെയിംസിൽ ഇതുവരെ ഇന്ത്യ 17 മെഡലുകൾ സ്വന്തമാക്കിയിട്ടുണ്ട്. കൂടുതലും ഭാരോദ്വഹനത്തിലാണ് മെഡൽ വേട്ട നടത്തിയിരിക്കുന്നത്. ഗെയിംസിലെ നിലവിലെ ടോപ് സ്‌കോറർ ഓസ്‌ട്രേലിയയാണ്(46 സ്വർണം) പിന്നാലെ ഇംഗ്ലണ്ടുമുണ്ട്(38 സ്വർണം)
Comments