എറണാകുളം: ആലുവയിൽ ശക്തമായ മഴയെ തുടർന്ന് റോഡരികിൽ നിന്നിരുന്ന വൻ മരം കടപുഴകി വീണു. ആലുവ-പുറയാർ റൂട്ടിലെ തൃപ്പുറയാർ മഹാദേവ ക്ഷേത്ര സ്റ്റോപ്പിന് മുൻപിൽ നിന്നിരുന്ന കാറ്റാടി മരമാണ് റോഡിന് കുറുകെ വീണത്. വാഹനങ്ങൾ ഒഴിഞ്ഞതിന് ശേഷമാണ് മരം വീണത് എന്നതിനാൽ വൻ ദുരന്തം ഒഴിവായി.
ഇന്ന് രാവിലെയോടെയായിരുന്നു സംഭവം. ഇന്നലെ രാത്രി മുതൽ ആലുവ ഭാഗത്ത് ശക്തമായ കാറ്റും മഴയുമാണ് അനുഭവപ്പെടുന്നത്. മരം കടപുഴകി വീഴുമ്പോൾ സമീപത്തോ ബസ് സ്‌റ്റോപ്പിലോ ആരും ഉണ്ടായിരുന്നില്ല. റോഡും ഒഴിഞ്ഞിരുന്നു. മരം വീഴുന്നതിന് മുൻപായി മരത്തിനടിയിലൂടെ ഒരു സ്വകാര്യ ബസും, സ്‌കൂൾ ബസും പോകുന്നതായി സമീപത്തെ വീട്ടിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളിൽ കാണാം. നിരവധി ഇരു ചക്രവാഹനങ്ങളും അതുവരെ റോഡിലൂടെ കടന്ന് പോയിരുന്നു. എന്നാൽ റോഡിൽ വാഹനങ്ങൾ പോയതിന് ശേഷം മരം പതിയെ നിലം പതിക്കുകയായിരുന്നു.
സംഭവ സമയം മരത്തിന് സമീപമായി ഒരു ഓട്ടോറിക്ഷ നിർത്തിയിട്ടിരുന്നു. ഇതിനും യാതൊരു കേടു പാടും സംഭവിച്ചില്ല. റോഡിന്റെ ഒരു ഭാഗത്തു നിന്നായി യാത്രികർ നടന്നു വരുന്നതും ദൃശ്യങ്ങളിൽ കാണാം. തിരക്ക് നിറഞ്ഞ റോഡായ ഇതുവഴി ദിനം പ്രതി നിരവധി വാഹനങ്ങളാണ് കടന്നു പോകാറുള്ളത്. അങ്ങിനെയുള്ള റോഡിൽ ഇന്നുണ്ടായ സംഭവം ഏവരെയും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. സംഭവത്തിന്റെ ദൃശ്യങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
Comments