ലക്‌നൗ: അസംബ്ലിയ്‌ക്കിടെ വിദ്യാർത്ഥികളെക്കൊണ്ട് കലിമ ചൊല്ലിച്ച സംഭവത്തിൽ സ്‌കൂൾ മാനേജർക്കെതിരെ കേസ്. ഫ്‌ളോറെസ്റ്റ് ഇന്റർനാഷണൽ സ്‌കൂൾ മാനേജർ സുമിത് മഖിജയ്‌ക്കെതിരെയാണ് കേസ് എടുത്തത്. രക്ഷിതാക്കളുടെ പരാതിയിലാണ് നടപടി.
കഴിഞ്ഞ ദിവസമാണ് ഫ്‌ളോറെസ്റ്റ് ഇന്റർനാഷണൽ സ്‌കൂളിലെ വിദ്യാർത്ഥികളെ കൊണ്ട് കലിമ ചൊല്ലിക്കുന്ന വാർത്തകൾ പുറത്തുവന്നത്. പ്രഭാത അസംബ്ലിയ്‌ക്കിടെയാണ് സ്‌കൂൾ അധികൃതർ വിദ്യാർത്ഥികളെ കൊണ്ട് കലിമ ചൊല്ലിക്കുന്നത്. സംഭവത്തിൽ സ്‌കൂളിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നു വന്നിരുന്നു. ഇതിന് പിന്നാലെയാണ് സംഭവത്തിൽ നിയമ നടപടി ആവശ്യപ്പെട്ട് രക്ഷിതാക്കൾ പോലീസിൽ പരാതി നൽകിയത്. സ്‌കൂൾ അടച്ചു പൂട്ടണമെന്ന ആവശ്യമാണ് രക്ഷിതാക്കളിൽ നിന്നും ഉയരുന്നത്. സ്‌കൂളിൽ അടച്ച ഫീസ് ഉൾപ്പെടെ തിരികെ നൽകണമെന്നും രക്ഷിതാക്കൾ ആവശ്യപ്പെട്ടു.
പരാതിയിൽ നിർബന്ധിത മതപരിവർത്തന നിരോധന നിയമ പ്രകാരമാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്. ഇതിന് പിന്നാലെ സ്‌കൂളിലെത്തി പോലീസ് സംഘം പരിശോധനയും നടത്തി. അതേസമയം കഴിഞ്ഞ ഏതാനും വർഷങ്ങളായി അസംബ്ലിയിൽ കലിമ ചൊല്ലാറുണ്ടെന്നും, ഇതുവരെ രക്ഷിതാക്കൾ എതിർപ്പ് പ്രകടിപ്പിച്ചിട്ടില്ലെന്നും സ്‌കൂൾ അധികൃതർ പറഞ്ഞു. എന്നാൽ ഇക്കാര്യം ആരും അറിഞ്ഞില്ലെന്നാണ് രക്ഷിതാക്കൾ പറയുന്നത്.
















Comments