കെപിസിസി ജനറൽ സെക്രട്ടറി ജി.പ്രതാപവർമ്മ തമ്പാന്റെ ആകസ്മികമായ വേർപാട് വളരെ ഞെട്ടലോടെയാണ് അറിയാൻ കഴിഞ്ഞതെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി. മികച്ച സംഘാടനകനും പ്രാസംഗികനുമായിരുന്ന തമ്പാൻ കൊല്ലം ജില്ലയിൽ കോൺഗ്രസിന്റെ വളർച്ചക്ക് നിർണ്ണായക സംഭവാനകൾ നൽകിയ നേതാവാണ്.
വിദ്യാർത്ഥി രാഷ്‌ട്രീയകാലഘട്ടം മുതൽ കോൺഗ്രസിനെ ജീവവായുപോലെ സ്നേഹിച്ച തമ്പാൻ ഏറ്റെടുത്ത പദവികളിലെല്ലാം അദ്ദേഹത്തിന്റെ നേതൃപാടവം തെളിയിച്ചിട്ടുണ്ട്. കെഎസ് യു ജില്ലാ പ്രസിഡന്റായും കൊല്ലം ഡിസിസി പ്രസിഡന്റായും യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായും മികച്ച പ്രകടനമാണ് അദ്ദേഹം കാഴ്ചവെച്ചത്.
ചാത്തന്നൂർ നിയമസഭാ മണ്ഡലത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട തമ്പാൻ പാർലമെന്റരി രംഗത്തും ശോഭിച്ചു. കെപിസിസി ജനറൽ സെക്രട്ടറി എന്ന നിലയിൽ തന്റെ കമ്മിറ്റിയിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച നേതാവാണ്. ദീർഘനാളത്തെ വ്യക്തിബന്ധം തനിക്ക് പ്രതാപവർമ്മ തമ്പാനുമായി ഉണ്ടായിരുന്നു.
കഴിഞ്ഞ ദിവസവും അദ്ദേഹവുമായി കെപിസിസി ആസ്ഥാനത്ത് ഏറെ നേരം സംഘടനകാര്യങ്ങൾ ചർച്ച ചെയ്ത കാര്യങ്ങൾ ഈ നിമിഷം വളരെ വേദനയോടെ ഓർത്തെടുക്കുകയാണ്. പ്രതാപവർമ്മ തമ്പാന്റെ വേർപാട് കോൺഗ്രസിന് തീരാനഷ്ടമാണ്. അദ്ദേഹത്തിന്റെ വിയോഗത്തിൽ വേദനിക്കുന്ന കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും സുധാകരൻ പറഞ്ഞു.
Comments