ജലദോഷം, ചുമ, ദഹനപ്രശ്‌നങ്ങൾ, വയറുവേദന തുടങ്ങി നിരവധി ആരോഗ്യ പ്രശ്‌നങ്ങൾക്ക് ഇഞ്ചി കഴിക്കുന്നത് പരിഹാരമാകാറുണ്ട്. ഇഞ്ചിയിട്ട ചായ കുടിച്ച് നാം പനിയകറ്റുകയും, ഇഞ്ച് നീര് കുടിച്ച് ദഹനക്കേടിന് പരിഹാരം കാണുകയുമെല്ലാം നാം ചെയ്യും. ഓക്കാനം, വയറിളക്കം, ഛർദ്ദി എന്നിവയ്‌ക്കും ഒരുപരിധിവരെ ഇഞ്ചി ആശ്വാസം നൽകും. എന്നാൽ ഏറെ ഗുണമുണ്ടെന്ന് കരുതി ഇഞ്ചി അമിതമായി കഴിച്ചാൽ എന്താണ് സംഭവിക്കുക എന്നറിയാമോ..
ഇഞ്ചി പൊതുവെ ശരീരത്തിന് ചൂട് നൽകുന്ന പദാർത്ഥമാണ്. അതുകൊണ്ട് തന്നെ അമിതമായി ഇഞ്ചി കഴിച്ചാൽ അത് പല ആരോഗ്യ പ്രശ്‌നങ്ങൾക്കും കാരണമായേക്കാം. നെഞ്ചെരിച്ചിൽ, വയറിളക്കം എന്നിവയ്‌ക്ക് ഇഞ്ചിയുടെ അമിത ഉപഭോഗം കാരണമാകാം.
ഗർഭച്ഛിദ്രത്തിനുള്ള സാധ്യത: അധികമായി ഇഞ്ചി കഴിക്കുന്നത് മൂലം ഗർഭാശയം സങ്കോചിക്കാൻ സാധ്യതയുണ്ട്. അതിനാൽ ഗർഭിണികളുടെ ദൈനംദിന ഭക്ഷണത്തിൽ ഇഞ്ചി അമിതമായി ഉൾപ്പെടുത്താതിരിക്കുന്നതാണ് നല്ലത്. കൂടാതെ അതികഠിനമായ നെഞ്ചെരിച്ചിലിനും ഇഞ്ചി കാരണമായേക്കും. ഇത് ഗർഭിണികൾക്കുണ്ടാക്കുന്ന അസ്വസ്ഥതകൾ വർധിപ്പിക്കാൻ ഇടയാകും.
ഹൃദയപ്രശ്നങ്ങൾ: വളരെയധികം ഇഞ്ചി കഴിക്കുന്നത് ഹൃദയസ്പന്ദനത്തെ പ്രതികൂലമായി ബാധിച്ചേക്കാം. കാഴ്ച മങ്ങുക, ഉറക്കമില്ലായ്മ എന്നിവയ്‌ക്ക് കാരണമായേക്കും. അതുവഴി രക്തസമ്മർദ്ദം കുറയുന്നതിനും ഹൃദയാഘാതത്തിനുള്ള സാധ്യതയയും വർധിക്കും
വയറുവേദന: ദഹനക്കേടും വയറ്റിലെ മറ്റ് പ്രശ്നങ്ങളും സുഖപ്പെടുത്താൻ ഇഞ്ചി സഹായിക്കുന്നത് പോലെ തന്നെ അമിതമായ ഇഞ്ചിയുടെ ഉപയോഗം ഇതേ പ്രശ്നങ്ങൾക്ക് തന്നെ കാരണമായേക്കാമെന്നാണ് പറയപ്പെടുന്നത്. വയറ്റിൽ പിത്തരസം ഉത്പാദിപ്പിക്കാൻ ഇഞ്ചിക്ക് കഴിയും. ഇത് ആമാശയത്തിന്റെ പ്രവർത്തനങ്ങളെ ബാധിക്കുന്നു. അതുമൂലം ചിലപ്പോൾ വയറുവേദനയും സംഭവിച്ചേക്കാം. വയറ്റിനുള്ളിൽ ആസിഡ് ഉത്പാദിപ്പിക്കപ്പെടുന്നതിനും ഇഞ്ചി കാരണമാകാറുണ്ട്.
പ്രമേഹ രോഗികൾക്ക് നല്ലതല്ല: അമിതമായ ഇഞ്ചി ഉപയോഗം പ്രമേഹ രോഗികളെ ദോഷകരമായി ബാധിക്കുമെന്നാണ് ആരോഗ്യ വിദഗ്ധർ സൂചിപ്പിക്കുന്നത്. കാരണം ഇഞ്ചി രക്തസമ്മർദ്ദം കുറയുന്നതിന് കാരണമാകാറുണ്ട്. ഇതുമൂലം തലകറക്കവും ക്ഷീണവും അനുഭവപ്പെട്ടേക്കാം.
രക്തസ്രാവത്തിന് കാരണമാകാം: ആർത്തവ സംബന്ധമായോ മറ്റോ നിങ്ങൾ ബ്ലീഡിംഗ് നേരിടുന്നുണ്ടെങ്കിൽ ഇഞ്ചി കഴിക്കുന്നത് പൂർണമായും ഒഴിവാക്കുന്നതാണ് നല്ലത്. ഇഞ്ചി കഴിക്കണമെങ്കിൽ ഡോക്ടറുടെ നിർദേശത്തിന് അനുസരിച്ച് മാത്രം പ്രവർത്തിക്കുക.
ചർമ്മത്തിൽ തിണർപ്പുകൾ രൂപപ്പെടാം: ഇഞ്ചി എല്ലാവരുടെ ശരീരത്തിനും ചിലപ്പോൾ അനുയോജ്യമാകണമെന്നില്ല. ചിലർക്ക് ഇഞ്ചി അലർജിയുണ്ടാക്കിയേക്കാം. ഇത് ശരീരത്തിൽ ഹോർമോൺ വ്യതിയാനത്തിന് കാരണമാകുകയും ചൊറിച്ചിലുണ്ടാക്കുകയും ചെയ്യുന്നു.
Comments