തിരുവനന്തപുരം: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് എല്ലാ വീടുകളിലും ദേശീയ പതാക ഉയർത്തുന്ന ഹർ ഘർ തിരംഗയ്ക്ക് തിരുവനന്തപുരം ജില്ലയിൽ വിപുലമായ ഒരുക്കം. ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായാണ് രാജ്യത്തെ ഓരോ വീട്ടിലും ദേശീയപതാക ഉയർത്തുന്നത്. ഓഗസ്റ്റ് 13 മുതൽ 15 വരെ വീടുകൾ, സർക്കാർ-അർധസർക്കാർ സ്ഥാപനങ്ങൾ, സ്വകാര്യ ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ പതാക ഉയർത്തും. ഇതിനാവശ്യമായ പതാകകൾ കുടുംബശ്രീയുടെ നേതൃത്വത്തിലാണ് തയ്യാറാക്കുന്നത്.
ജില്ലയിൽ വിവിധ ബ്ലോക്കുകളിലായി 30 കേന്ദ്രങ്ങളിലാണ് പതാകകളുടെ നിർമ്മാണം നടക്കുന്നത്. ഒന്നരലക്ഷത്തോളം ഓർഡറുകൾ ഇതുവരെ ലഭിച്ചു. ഇതിൽ ഒരു ലക്ഷം പതാകകളുടെ നിർമ്മാണം പൂർത്തിയായതായി കുടുംബശ്രീ ജില്ലാ കോഡിനേറ്റർ അറിയിച്ചു. ഇന്ന് (ഓഗസ്റ്റ് ആറ്) മുതൽ വിതരണം ആരംഭിക്കും. വിദ്യാർത്ഥികളിലൂടെ വീടുകളിൽ എത്തിക്കുന്നതിനായി സ്കൂൾ, കോളേജുകൾ വഴി പതാകകൾ വിതരണം ചെയ്യും. കുടുംബശ്രീ യൂണിറ്റുകളിൽ നിന്ന് പൊതുജനങ്ങൾക്കും പതാകകൾ വാങ്ങാം.
സ്വാതന്ത്ര്യദിനത്തിൽ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ വിവിധ ആഘോഷ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. സിവിൽ സ്റ്റേഷനിൽ രാവിലെ ദേശീയപതാക ഉയർത്തും. ജീവനക്കാരുടെ ദേശഭക്തിഗാനാലാപനവും ഉണ്ടാകും. തുടർന്ന് നടക്കുന്ന സമ്മേളനത്തിൽ കവി പ്രൊഫസർ വി. മധുസൂദനൻ നായർ മുഖ്യാതിഥിയാകും. ആഘോഷങ്ങൾക്ക് മുന്നോടിയായി ഓഗസ്റ്റ് 12-ന് സിവിൽ സ്റ്റേഷൻ ജീവക്കാർക്കായി സ്വാതന്ത്ര്യസമര ചരിത്രത്തെ അധികരിച്ച് പ്രശ്നോത്തരിയും സംഘടിപ്പിക്കും.
Comments