ന്യൂഡൽഹി: സമൂഹമാദ്ധ്യമങ്ങളിലെ പ്രൊഫൈൽ ചിത്രം ദേശീയ പതാക ആക്കണമെന്നുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ കുറ്റപ്പെടുത്തുന്നവരെ വിമർശിച്ച് ക്രിക്കറ്റ് താരം അമിത് മിശ്ര.തങ്ങളുടെ പ്രൊഫൈൽ ചിത്രങ്ങൾ പലസ്തീനും യുക്രൈയ്‌നിനും വേണ്ടി മാറ്റിയവരാണ് ത്രിവർണ്ണ പതാക ആക്കുന്നതിനെ ചോദ്യം ചെയ്യുന്നതെന്ന് അദ്ദേഹം വിമർശിച്ചു.
തങ്ങളുടെ പ്രൊഫൈൽ ചിത്രം പലസ്തീനിലേക്കും യുക്രൈയ്നിലേക്കും മാറ്റുന്നവർ ഇപ്പോൾ ഞങ്ങളുടെ പ്രൊഫൈൽ ചിത്രങ്ങൾ മാറ്റിയാൽ എന്ത് സംഭവിക്കുമെന്ന് ചോദിക്കുന്നു, ഇത് ഞങ്ങളുടെ അവകാശവും ഞങ്ങളുടെ ദേശീയപതാകയോട് സ്‌നേഹവും ആദരവും പ്രകടിപ്പിക്കാനുള്ള ഒരു സുവർണാവസരവുമാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
ഹർ ഘർ തിരംഗ ക്യാമ്പയിനിന്റെ പേരിൽ സർക്കാരിനെ കടന്നാക്രമിക്കുമ്പോഴും പരിഹസിക്കുമ്പോഴും ചിലർ പലസ്തീനുമായും യുക്രൈയ്‌നുമായും ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിൽ മുൻനിരയിലുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. മറ്റ് രാജ്യങ്ങൾക്ക് പ്രശ്‌നം ഉണ്ടാകുമ്പോൾ അവ പ്രൊഫെൽ ചിത്രങ്ങളാക്കി കൂടെ നിൽക്കും. എന്നാൽ രാജ്യത്തിനോടും പതാകയോടുമുള്ള സ്‌നേഹം പ്രകടിപ്പിക്കുന്നതിനെ കുറ്റപ്പെടുത്തുന്നവരുടെ കപടതയാണ് താരം തുറന്നു കാട്ടിയതെന്ന് പലരും അഭിപ്രായപ്പെട്ടു.
ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി ദേശീയത ആഘോഷിക്കാൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരുന്നു. പിംഗലി വെങ്കയ്യയുടെ ജന്മദിനമായ ഓഗസ്റ്റ് 2 മുതൽ 15 വരെ ജനങ്ങളോട് ത്രിവർണ്ണ പതാക പ്രൊഫൈൽ ചിത്രമാക്കാൻ നിർദേശിച്ചിരുന്നു. ഓഗസ്റ്റ് 13 മുതൽ 15 വരെ വീടുകളിൽ പതാക ഉയർത്താൻ പ്രോത്സാഹിപ്പിക്കുന്ന ഹർ ഘർ തിരംഗ ക്യാമ്പെയ്ൻ സംഘടിപ്പിക്കുമെന്നും വ്യക്തമാക്കിയിരുന്നു.
















Comments