ലക്‌നൗ: പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും പിന്തുണച്ചതിന് ഭാര്യയെ ക്രൂരമായി ഉപദ്രവിച്ച് മുത്തലാഖ് നടത്തിയ യുവാവിനെ അറസ്റ്റ് ചെയ്ത് പോലീസ്.
മൊറാദാബാദ് സ്വദേശിയായ നദീം എന്ന യുവാവിനെയാണ് അറസ്റ്റ് ചെയ്തത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പിന്തുണച്ചത് ഇഷ്ടപ്പെടാതിരുന്ന ഭർത്താവും ബന്ധുക്കളും ക്രൂരമായി ഉപദ്രവിച്ചെന്ന് യുവതി പരാതിയിൽ ആരോപിച്ചു.
പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ആശയങ്ങൾ ഇഷ്ടപ്പെടുന്നതും പിന്തുടരുന്നതും കാരണം പ്രതി നേരത്തെ യുവതിയെ ഇസ്ലാമിക വിശ്വാസ പ്രകാരം മുത്തലാഖ് ചെയ്തിരുന്നു. പിന്നാലെ വീട്ടിൽ നിന്ന് പുറത്തു പോകാൻ ആവശ്യപ്പെട്ടു. എന്നാൽ ഇതിന് കൂട്ടാക്കാതിരുന്നതോടെ ഭാര്യയ്‌ക്ക്, പ്രതി വിവാഹമോചനത്തിനുള്ള വക്കീൽ നോട്ടീസ് അയയ്‌ക്കുകയായിരുന്നു.
ഭർത്താവ് വിവാഹമോചനം ആവശ്യപ്പെടുമ്പോഴെല്ലാം, യോഗിജി എന്റെ കൂടെയുണ്ടെന്ന് ഞാൻ പറയുമായിരുന്നു. ഞാൻ അദ്ദേഹത്തെ പിന്തുണയ്‌ക്കുന്നു. യോഗിജിക്ക് മാത്രമാണ് ഞാൻ വോട്ട് ചെയ്തത്. ഇതിൽ എന്റെ അനിയത്തിക്ക് വല്ലാത്ത ദേഷ്യമായിരുന്നു. പിന്നീട് ഭർത്താവ് വിവാഹമോചനത്തിന് നോട്ടീസ് അയച്ചു. എനിക്ക് നീതി വേണമെന്ന് യുവതി പറഞ്ഞു.
പ്രതിക്കെതിരെ ഐപിസി സെക്ഷൻ 376, 511 എന്നിവ പ്രകാരം എഫ്ഐആർ ഫയൽ ചെയ്തിട്ടുണ്ടെന്നും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പോലീസ് സൂപ്രണ്ട് അഖിലേഷ് ഭദോറിയ വ്യക്തമാക്കി.
Comments