തിരുവനന്തപുരം: കിഫ്ബിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിൽ മുൻ ധനമന്ത്രി തോമസ് ഐസക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുൻപിൽ ഹാജരാകില്ല. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പട്ട് ഇഡി നൽകിയ സമൻസിനെതിരെ നിയമ നടപടി സ്വീകരിക്കാനാണ് തോമസ് ഐസക്കിന്റെ നിലവിലെ തീരുമാനം. ചോദ്യം ചെയ്യലിനായി വ്യാഴാഴ്ച ഹാജരാകണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഇഡി മുൻ മന്ത്രിയ്‌ക്ക് സമൻസ് നൽകിയത്.
നോട്ടീസ് ലഭിച്ചതിന് പിന്നാലെ പാർട്ടിയോട് ആലോചിച്ച ശേഷം ഹാജരാകുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുമെന്നായിരുന്നു തോമസ് ഐസക്ക് പറഞ്ഞിരുന്നത്. അദ്ദേഹം ഹാജരായാൽ പിന്നാലെ മുഖ്യമന്ത്രിയെയും ഇഡി ചോദ്യം ചെയ്‌തേക്കും. ഇതിലുള്ള ആശങ്കയെ തുടർന്നാണ് ഇഡിയുടെ സമൻസിനെതിരെ നിയമ നടപടി സ്വീകരിക്കാൻ തീരുമാനിച്ചത്. നിലപാട് വിശദീകരിച്ച് അദ്ദേഹം കത്ത് നൽകും.
കഴിഞ്ഞ ദിവസമാണ് തോമസ് ഐസക്കിന് ഇഡി നോട്ടീസ് നൽകിയത്. ആദ്യ തവണ ചോദ്യം ചെയ്യാൻ വിളിപ്പിച്ചെങ്കിലും വ്യക്തിപരമായ അസൗകര്യങ്ങൾ ചൂണ്ടിക്കാട്ടി അദ്ദേഹം ഹാജരായിരുന്നില്ല. ഇതേ തുടർന്നാണ് വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്.
Comments