ന്യൂയോർക്ക്:30 കാരിയായ ഇന്ത്യൻ വനിത യുഎസിൽ ആത്മഹത്യ ചെയ്തു. ഭർത്താവിന്റെയും ബന്ധുക്കളുടെയും നിരന്തരമായ പീഡനമൂലം മൻദീപ് കൗർ എന്ന യുവതിയാണ് മരിച്ചത്. മൻദീപ് തന്റെ ദുരനുഭവം വിവരിക്കുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു. എട്ടു വർഷമായി കൗറിനെ നിരന്തരം തല്ലിയിരുന്നതായും വീഡിയോയിൽ പറയുന്നു. മരണത്തിന് ഉത്തരവാദികൾ ഭർത്താവും ഭർത്താവിന്റെ ബന്ധുക്കളുമാണെന്ന് വ്യക്തമാക്കുന്നു. എന്റെ മക്കളെ ഉപക്ഷേിച്ച് ലോകം വെടിയാൻ നിർബന്ധിതയാകുകയാണെന്ന് പറഞ്ഞാണ് മൻദീപ് വീഡിയോ അവസാനിപ്പിക്കുന്നത്.നാലും ആറും പ്രായമുള്ള രണ്ട് പെൺകുട്ടികളാണ് മൻദീപിനുള്ളത്.
ഉത്തർപ്രദേശിലെ ബിജ്നോറിലാണ് മൻദീപിന്റെ കുടുംബം. തന്നെ മൂന്ന് ദിവസം ഭർത്താവ് തട്ടിക്കൊണ്ടുപോയി മർദ്ദിച്ചതായി മൻദീപ് വീട്ടുകാരെ അറിയിച്ചിരുന്നു. തുടർന്ന് പോലീസിൽ പരാതിപ്പെടാൻ ഇവരുടെ പിതാവ് തീരുമാനിച്ചെങ്കിലും ഇത് പിൻവലിക്കാൻ ഭർത്താവ് പിന്നീട് മൻദീപിന്റെ സഹായം തേടി. വിവാഹബന്ധം നിലനിർത്താൻ വേണ്ടി താൻ പരാതി പിൻവലിക്കുകയായിരുന്നുവെന്നും എന്നാൽ ഭർത്താവിന്റെ ബന്ധുക്കൾ പിന്നെയും പീഡനം തുടരുകയായിരുന്നുവെന്നും ഇവർ പറഞ്ഞു.
മൻദീപിന്റെ മൃതദേഹം ഇന്ത്യയിലെത്തിക്കാനുള്ള ശ്രമത്തിലാണ് കുടുംബം. യുഎസിൽ ഇന്ത്യൻ യുവതിയ്‌ക്ക് നീതി ആവശ്യപ്പെട്ടു കൊണ്ടുള്ള പ്രതിഷേധം ശക്തമാണ്. സംഭവത്തിൽ ന്യൂയോർക്ക് പോലീസാണ് അന്വേഷണം നടത്തുന്നത്.
Comments