തിരുവനന്തപുരം : സംസ്ഥാനത്ത് മദ്ധ്യ കേരളത്തിലും വടക്കൻ കേരളത്തിലും മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്‌ക്കും സാധ്യത. കോട്ടയം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ യെല്ലോ അലർട്ടാണ്. ബംഗാൾ ഉൾക്കടലിൽ കഴിഞ്ഞ ദിവസം രൂപപ്പെട്ട ന്യൂന മർദ്ദമാണ് മഴ തുടരുന്നതിന് കാരണം.
ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ ഇടുക്കി അണക്കെട്ട് ഇന്ന് തുറക്കും. ഒരു ഷട്ടർ 70 സെന്റിമീറ്റർ ഉയർത്തി 50 ക്യുമെക്‌സ് ജലം ഒഴുക്കി വിടും. രാവിലെ 10 മണിയോടെയാവും ഷട്ടറുകൾ തുറക്കുക. ജലനിരപ്പ് ക്രമാതീതമായി ഉയർന്ന സാഹചര്യത്തിലും മഴ തുടരുമെന്ന കേന്ദ്ര കലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിന്റെയും പശ്ചാത്തലത്തിലാണ് ഡാം തുറക്കൽ.
ഡാം തുറക്കുന്നതിന്റെ ഭാഗമായി ജനങ്ങൾക്ക് ജാഗ്രത നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ആവശ്യമായി വന്നാൽ ക്യാമ്പുകളിലേക്ക് മാറാനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ബാണാസുര സാഗർ ഡാമിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു .ജലനിരപ്പ് 773.50 മീറ്റർ എത്തിയ സാഹചര്യത്തിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. ഇന്ന് ഉച്ചക്ക് 12 മണിക്ക് ശേഷം ഡാം തുറക്കാൻ സാധ്യതയുണ്ട്. പുഴയിലെ ജലനിരപ്പ് 10 മുതൽ 15 സെന്റിമീറ്റർ വരെ ഉയരാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
Comments