പാചകം ചെയ്യുമ്പോൾ നാം നിത്യേന ഉപയോഗിക്കുന്ന ഒന്നാണ് കറിവേപ്പില. ഏതൊരു കറിയും ഉപ്പേരിയും മെഴുക്കുപുരട്ടിയുമെല്ലാം കറിവേപ്പില കൂടിയിട്ട് താളിച്ചെടുക്കുമ്പോഴാണ് ഭക്ഷണം പാകം ചെയ്യുന്നയാൾക്കും ആ വിഭവം കഴിക്കുന്നയാൾക്കും തൃപ്തി ലഭിക്കുന്നത്. അതിനാൽ ഭക്ഷ്യവിഭവങ്ങളിലെ ഒരു ‘ടേസ്റ്റ് മേക്കർ’ കൂടിയാണ് കറിവേപ്പിലയെന്ന് പറയാം.
ഇങ്ങനെയൊക്കെയാണെങ്കിലും ഭക്ഷണം കഴിക്കുന്നതിനിടെ നമുക്ക് കിട്ടുന്ന കറിവേപ്പില എല്ലാവരും തുപ്പിക്കളയുകയാണ് പതിവ്. കിട്ടുന്ന കറിവേപ്പിലകൾ എല്ലാം പ്ലേറ്റിന്റെ അറ്റത്തേക്ക് മാറ്റിവെക്കും. എല്ലാ കറികളിലും കറിവേപ്പില ഇടണമെന്ന് നിർബന്ധമാണെങ്കിലും മിക്കയാളുകൾക്കും അത് ചവച്ചരച്ച് കഴിക്കാൻ പ്രയാസമാണ്. അതുകൊണ്ട് തന്നെ ‘വേപ്പിലയാക്കി കളിഞ്ഞുവെന്ന’ പ്രയോഗം പോലും മലയാളികൾക്കിടയിലുണ്ട്. എന്നാൽ കറിവേപ്പിലയുടെ ആരോഗ്യ ഗുണങ്ങൾ അറിഞ്ഞാൽ നാം ഒരിക്കലും അതിനെ ‘വേപ്പിലയാക്കുകയില്ല’.
എന്തൊക്കെയാണ് കറിവേപ്പിലയുടെ ഗുണങ്ങളെന്ന് നോക്കാം..
കറിവേപ്പിലയിൽ ആൽക്കലോയിഡുകൾ, ഗ്ലൈക്കോസൈഡുകൾ, ഫിനോളിക് സംയുക്തങ്ങൾ എന്നിവ അടങ്ങിയിരിക്കുന്നു. ഇതെല്ലാം നമ്മുടെ ശരീരത്തിന് ഗുണം ചെയ്യുന്നവയാണ്.
ഹൃദയത്തിന്റെ ആരോഗ്യം: കൊളസ്ട്രോൾ, ട്രൈഗ്ലിസറൈഡുകൾ എന്നിവയുടെ അളവ് ശരീരത്തിൽ വർധിച്ചാൽ ഹൃദ്രോഗ സാധ്യത കൂടുന്നു. കൊളസ്‌ട്രോളും ട്രൈഗ്ലിസറൈഡുകളും കുറയ്‌ക്കാൻ കറിവേപ്പില അത്യുത്തമമാണ്. ഇതുവഴി ഹൃദ്രോഗ സാധ്യതയും കുറയുന്നു.
നാഡീവ്യൂഹത്തിന്റെ ആരോഗ്യം: നമ്മുടെ നാഡീവ്യൂഹത്തിനുണ്ടാകുന്ന ക്ഷതങ്ങളെ പരിഹരിച്ച് നാഡികളെ മെച്ചപ്പെടുത്താൻ കറിവേപ്പില സഹായിക്കും. കൂടാതെ ബ്രെയിൻ സെല്ലുകൾക്കുണ്ടാകുന്ന ഓക്‌സിഡേറ്റീവ് ഡാമേജ് കുറയ്‌ക്കുകയും അതുവഴി അൽഷിമേഴ്സിനുള്ള സാധ്യത കുറയുകയും ചെയ്യുന്നു.
പ്രമേഹം: കറിവേപ്പില കഴിക്കുന്നത് പ്രമേഹത്തെ നിയന്ത്രിക്കാൻ സഹായിക്കും. മാത്രമല്ല, പ്രമേഹ രോഗികൾക്ക് വരുന്ന ഞരമ്പ് വേദന, വൃക്ക തകരാറുകൾ എന്നിവ ഇല്ലാതാക്കാനും കറിവേപ്പില ഗുണം ചെയ്യും.
ആൻറി ബാക്ടീരിയൽ പ്രോപ്പർട്ടീസ്: കറിവേപ്പിലയ്‌ക്ക് ആന്റി-ബാക്ടീരിയൽ ഗുണങ്ങളുണ്ട്. അതായത് കുടലിലോ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലോ വളരുന്ന മോശം ബാക്ടീരിയകളുടെ വളർച്ച തടയാൻ കറിവേപ്പിലയ്‌ക്ക് കഴിയും.
കാൻസറിനെ പ്രതിരോധിക്കും: കാൻസർ കോശങ്ങളുടെ വളർച്ചയെ തടയാൻ കഴിയുന്ന സംയുക്തങ്ങൾ കറിവേപ്പിലയിലുണ്ട്. ഇതുവഴി ക്യാൻസർ പടരുന്നത് ഒരുപരിധിവരെ കുറയ്‌ക്കാനാകുമെന്നാണ് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത്.
Comments