ബർമിംഗ്ഹാം: കോമൺവെൽത്ത് ഗെയിംസിൽ ചരിത്രം രചിച്ച് ഇന്ത്യയുടെ ജാവലിൻ താരം അന്നു റാണി. വനിതകളുടെ ജാവലിൻ ത്രോ മത്സരത്തിൽ അന്നു റാണി വെങ്കല മെഡൽ നേടി. ഇതാദ്യമായാണ് ഇന്ത്യയിൽ നിന്നുള്ള വനിതാ ജാവലിൻ താരം കോമൺവെൽത്തിൽ മെഡൽ നേടുന്നത്.
60 മീറ്റർ ദൂരത്തേക്ക് എറിഞ്ഞായിരുന്നു അന്നു റാണി വെങ്കലം സ്വന്തമാക്കിയത്. നാലാം പരിശ്രമത്തിലായിരുന്നു ഈ നേട്ടം. ഓസ്‌ട്രേലിയയുടെ കെൽസി-ലീ ബാർബെറാണ് ഈ ഇനത്തിൽ സ്വർണം കരസ്ഥമാക്കിയത്. 64.43 മീറ്റർ ദൂരത്തേക്കായിരുന്നു കെൽസി ജാവലിൻ എറിഞ്ഞ് വീഴ്‌ത്തിയത്. ഇംഗ്ലണ്ട് താരം മെക്കെൻസീ ലിറ്റിൽ 64.27 മീറ്റർ ദൂരം എറിഞ്ഞ് വീഴ്‌ത്തി രണ്ടാമതായി. അതേസമയം തന്റെ കരിയറിലെ തന്നെ ഏറ്റവും മകിച്ച പ്രകടനം വേൾഡ് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിലായിരുന്നു റാണി (61.12) കാഴ്ച വെച്ചത്.
ജാവലിൻ താരങ്ങളായ കാശിനാഥ് നായകും ഒളിമ്പ്യൻ ജേതാവ് നീരജ് ചോപ്രയുമാണ് റാണിക്ക് മുമ്പ് കോമൺവെൽത്തിൽ മെഡൽ നേടിയൻ ഇന്ത്യൻ താരങ്ങൾ. 2010ലെ ഡൽഹി ഗെയിംസിലായിരുന്നു ഇന്ത്യയ്‌ക്ക് ആദ്യമായി ജാവലിൻ മെഡൽ (വെങ്കലം) നേടി തന്ന പ്രകടനം നായിക് കാഴ്ചവെച്ചത്. 2018ൽ ഗോൾഡ് കോസ്റ്റിൽ നടന്ന കോമൺവെൽത്തിൽ നീരജ് ചോപ്ര ആദ്യമായി സ്വർണവും നേടി.
Comments