തിരുവനന്തപുരം: കനത്ത മഴയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ വിവിധ താലൂക്കുകളിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. വയനാട്, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ താലൂക്കുകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കുട്ടനാട് താലൂക്കിലെ പ്രൊഫഷണൽ കോളേജുകളും അങ്കണവാടികളും ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ആലപ്പുഴ ജില്ലയിൽ മറ്റു താലൂക്കുകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ വി.ആർ. കൃഷ്ണതേജ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു.
വയനാട് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കൾ അവധിയാണ്. ജില്ലയിൽ മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. തിങ്കളാഴ്ചത്തെ അവധിക്ക് പകരമായി ശനിയാഴ്ചകൾ ക്ലാസ് വെയ്ക്കുന്നതിനെക്കുറിച്ച് അതാത് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തീരുമാനിക്കാവുന്നതാണെന്നും കളക്ടർ വ്യക്തമാക്കി.
ഇടുക്കിയിലും പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ദേവികുളം, പീരുമേട് താലൂക്കുകളിലെയും ഉടുമ്പൻചോല താലൂക്കിലെ ബൈസൺവാലി, ചിന്നക്കനാൽ പഞ്ചായത്തുകളിലെയും വിദ്യാഭ്യാസങ്ങൾക്കാണ് ഇടുക്കി കളക്ടർ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചത്. ജില്ലയിൽ ദുരിതാശ്വാസക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും അവധിയായിരിക്കും.
Comments