കാബൂൾ : അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണത്തിൽ സ്ഫോടനങ്ങൾ തുടർക്കഥയാകുന്നു. ഇന്നലെ കാബൂളിലെ ചന്ദവാളിൽ നടന്ന സ്ഫോടനത്തിൽ രണ്ടു പേർ കൊല്ലപ്പെട്ടു. നഗരമദ്ധ്യത്തിലാണ് സ്ഫോടനം നടന്നത്. 22 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
റോഡിനു സമീപം പാത്രത്തിൽ ഘടിപ്പിച്ച സ്ഫോടകവസ്തുവാണ് പൊട്ടിത്തെറിച്ചത്. സ്‌ഫോടനത്തിൽ പരിക്കേറ്റ് കാബൂളിലെ ഇബനു സിന ചെസ്റ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരിൽ ഒരാളുടെ നില ഗുരുതരമാണ്. സ്ഫോടനത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.
കാബൂളിലെ പടിഞ്ഞാറ് പുൽ-ഇ-സൂഖ്ത മേഖലയിൽ കഴിഞ്ഞ ദിവസം ഉണ്ടായ സ്‌ഫോടനത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിന്റെ ഉത്തരവാദിത്തം ഐ എസ് ഏറ്റെടുത്തിരുന്നു. താലിബാൻ ഭരണകൂടം അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം ഏറ്റെടുത്തതിന് ശേഷം വ്യാപകമായി സ്ഫോടനങ്ങളും, അക്രമങ്ങളും , മനുഷ്യാവകാശ ലംഘനങ്ങളുമാണ് നടക്കുന്നത്.
Comments