പാലക്കാട്: അട്ടപ്പാടി മധു കൊലക്കേസിൽ തുടർച്ചയായി സാക്ഷികൾ കൂറുമാറുന്നു. സംഭവത്തിൽ നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് കെ.പി.സി.സി മുൻ പ്രസിഡന്റ് വി.എം സുധീരൻ മുഖ്യമന്ത്രിയ്‌ക്ക് കത്തയച്ചു. ആദിവാസി ക്ഷേമവും സുരക്ഷയും ഉറപ്പുവരുത്താന്‍ ബാധ്യസ്ഥമായ ഭരണകൂടം ഇതിനെല്ലാം മൂകസാക്ഷിയായി നിൽക്കുകയാണ്. സർക്കാർ കേവലം കാഴ്ചക്കാരായി മാറുന്ന സാഹചര്യം ജനാധിപത്യ കേരളത്തിന് തീര്‍ത്തും അപമാനകരമാണെന്ന് സുധീരൻ കത്തിൽ പറയുന്നു.
മധു കൊലക്കേസിൽ അടിയന്തമായി ഇടപെട്ട് കൂട്ട കൂറുമാറ്റത്തെക്കുറിച്ച് കൃത്യമായി അന്വേഷണം നടത്തണമെന്നാണ് മുഖ്യമന്ത്രിയോട് കത്തിൽ ആവശ്യപ്പെടുന്നത്. താൻ നേരത്തെ അയച്ച കത്തിൽ നടപടി സ്വീകരിക്കാത്തതിന് മുഖ്യമന്ത്രിയോടും വകുപ്പ് മന്ത്രിയോടും നിഷേധം രേഖപ്പെടുത്തി കൊണ്ടാണ് സുധീരൻ നൽകിയ കത്തിന്റെ അവസാനം. കൂറുമാറിയവർക്കെതിരെ മധുവിന്റെ അമ്മ മല്ലികയും പരാതി നൽകിയിട്ടുണ്ട്. പലരുടെയും സ്വാധീനത്തിന് വഴങ്ങിയാണ് സാക്ഷികൾ മൊഴി മാറ്റിപ്പറയുന്നതെന്ന് അമ്മ നൽകിയ പരാതിയിൽ പറയുന്നു.
ഇതിനോടകം പതിമൂന്ന് സാക്ഷികളാണ് കേസിൽ കൂറ് മാറിയത്. മധുവിന് അനൂകൂലമായുള്ള മൊഴിയിൽ ഉറച്ചു നിന്നത് രണ്ടുപേർ മാത്രമാണ്. പതിമൂന്നാം സാക്ഷി സുരേഷും 23-ാം സാക്ഷി ഗോകുലുമാണ് മൊഴികളിൽ ഉറച്ചു നിന്നത്. വനം വകുപ്പിൽ ദിവസ വേതനാടിസ്ഥാനത്തിൽ കംപ്യൂട്ടർ ഓപ്പറേറ്ററാണ് ഗോകുൽ. സംഭവം നടന്ന ദിവസം വീടിന് മുന്നിലൂടെ ഒരു സംഘം ആളുകൾ പോകുന്നതു കണ്ടെന്നും അക്കൂട്ടത്തിൽ മുഷിഞ്ഞ വസ്ത്രം ധരിച്ച ഒരാൾ ഉണ്ടായിരുന്നെന്നുമാണ് ഗോകുൽ പൊലീസിനു നൽകിയ മൊഴി. ഈ മൊഴിയിൽ ഗോകുൽ ഉറച്ചു നിൽക്കുകയായിരുന്നു.
















Comments