ബിജെപി ബന്ധം ഉപേക്ഷിച്ചാൽ ബിഹാറിൽ ജെഡിയുവിനെ സഹായിക്കുമെന്ന് ഇടതു പാർട്ടികൾ; സിപിഎമ്മിനുളളത് രണ്ട് എംഎൽഎമാർ

Published by
Janam Web Desk

കൊൽക്കത്ത: ബിജെപിയുമായുളള ബന്ധം ഉപേക്ഷിച്ചാൽ ബിഹാറിൽ അധികാരത്തിൽ തുടരാൻ ജെഡിയുവിനെ സഹായിക്കാമെന്ന വാഗ്ദാനവുമായി ഇടത് പാർട്ടികൾ. സിപിഎം അടക്കമുളള പാർട്ടികളാണ് സഹായ വാഗ്ദാനവുമായി എത്തിയിട്ടുളളത്. ബിജെപി, ജെഡിയു ബന്ധം ഉലയുന്നുവെന്ന വാർത്തകൾക്കിടെയാണ് അവസരം മുതലെടുക്കാൻ ഇടത് പാർട്ടികളുടെ നീക്കം.

സിപിഐഎംഎല്ലിന് 12 എംഎൽഎമാരും സിപിഎമ്മിനും സിപിഐയ്‌ക്കും രണ്ട് എംഎൽഎമാരുമാണ് ബിഹാറിൽ ഉളളത്. എന്നാൽ ബിജെപിക്ക് 74 എംഎൽഎമാരുണ്ട്. എൻഡിഎ സഖ്യത്തിൽ ബിജെപിയാണ് ഏറ്റവും വലിയ കക്ഷി. എന്നാൽ മുന്നണി മര്യാദകൾ പാലിച്ച് മുൻതീരുമാനപ്രകാരം നിതീഷിനെ മുഖ്യമന്ത്രിയായി തുടരാൻ ബിജെപി അനുവദിക്കുകയായിരുന്നു.

സിപിഐഎംഎൽ ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ ആണ് ജെഡിയുവിന് സഹായവാഗ്ദാനവുമായി രംഗത്തെത്തിയിരിക്കുന്നത്. ബിജെപി ബന്ധം ഉപേക്ഷിച്ചാൽ പുതിയ സർക്കാരുണ്ടാക്കാൻ ജെഡിയുവിനെ സഹായിക്കാമെന്ന് ദീപാങ്കർ പറഞ്ഞു. ബിഹാറിൽ നിന്നും ബിജെപിയെ തുടച്ചുനീക്കാൻ ഏത് വഴിയും സ്വീകരിക്കുമെന്ന് സിപിഐഎംഎല്ലിന്റെ ഗയ കോൺഫറൻസിൽ തീരുമാനിച്ചതാണെന്നും പിടിഐയ്‌ക്ക് അനുവദിച്ച അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

പുതിയ സഖ്യം രൂപപ്പെടുകയാണെങ്കിൽ അത് പോസിറ്റീവായ മാറ്റമായിരിക്കുമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം നിലോത്പൽ ബസു പറഞ്ഞു. ബിജെപിയുടെ സ്വാധീനം ഇല്ലാതാക്കുന്ന ഏത് നീക്കത്തെയും സ്വീകരിക്കുമെന്നും നിലോത്പൽ കൂട്ടിച്ചേർത്തു.

Share
Leave a Comment