ന്യൂഡൽഹി: അയൽരാജ്യങ്ങളെ കടക്കെണിയിലാക്കി തങ്ങളുടെ താവളമാക്കാനുള്ള തന്ത്രങ്ങൾ പൊളിയുന്നതിൽ പ്രകോപിതരായി ബീജിംഗ്. ഹംബന്തോട്ടയിലേക്ക് കപ്പൽ എത്തിക്കാൻ അനുമതി നിഷേധിച്ചതിന് ബദലായി പാകിസ്താന് തങ്ങൾ നിർമ്മിച്ചു നൽകിയ തൈമൂർ യുദ്ധകപ്പലിനെ കൊളംബോ തുറമുഖത്തേക്ക് എത്തിച്ചാണ് ചൈന രോഷം തീർക്കുന്നത്. ബംഗ്ലാദേശ് അനുമതി നിഷേധിച്ചത് പാകിസ്താനും ചൈനയ്‌ക്കും ഒരു പോലെ നാണക്കേടായി. ഇതിനിടെ ചൈനയിലെ ശ്രീലങ്കൻ ഹൈക്കമീഷനെ വിളിച്ചുവരുത്തി ചൈന പ്രതിഷേധം അറിയിച്ചു.
ഇന്ത്യൻ അതിർത്തിക്ക് സമീപം പാകിസ്താൻ കപ്പലിനെ എത്തിക്കാൻ ചൈനയാണ് നീക്കം നടത്തുന്നത്. ഈ മാസം 12-15 തിയതികളിൽ മലേഷ്യയുമായി സംയുക്ത സൈനിക അഭ്യാസത്തിന് മുന്നോടിയായിട്ടാണ് പാക് കപ്പലിനെ ശ്രീലങ്കയിൽ അടുപ്പിക്കുന്നതെന്നാണ് പാകിസ്താൻ പറയുന്നത്. എന്നാൽ ചൈനയുടെ കപ്പലിന് ശ്രീലങ്കയ്‌ക്ക് പിന്നാലെ ബംഗ്ലാദേശും അനുമതി നിഷേധിച്ചതിന് ബദലായിട്ടാണ് ചൈന പാകിസ്താൻ കപ്പലിനെ ശ്രീലങ്കയിലേക്ക് എത്തിച്ചതെന്നാണ് പ്രതിരോധ വിദഗ്ധർ പറയുന്നത്. ഇതിനിടെ പാകിസ്താൻ കപ്പലിനെ തുറമുഖത്ത് നങ്കുരമിടാൻ ബംഗ്ലാദേശും അനുമതി നിഷേധിക്കുകയായിരുന്നു.
ഇന്ത്യയുടെ ശക്തമായ മുന്നറിയിപ്പിനെ തുടർന്നാണ് ശ്രീലങ്ക ചൈനയുടെ റഡാർ സജ്ജമാക്കിയ മിസൈൽ വാഹിനി കപ്പൽ ഹംബന്തോട്ടയിൽ അടുക്കാൻ അനുമതി നിഷേധിച്ചത്. ഇതിന്റെ അസ്വസ്ഥത മാറുംമുന്നേ ബംഗ്ലാദേശും ചൈനയ്‌ക്ക് അനുമതി നിഷേധിച്ചത് ബീജിംഗിന് ഇരട്ട പ്രഹരമായി. ഇതിനിടെയാണ് പാകിസ്താന് ചൈന നിർമ്മിച്ചു നൽകിയ തൈമൂർ യുദ്ധകപ്പലിനെ ഉപയോഗിച്ച് പ്രകോപന നീക്കം.
കഴിഞ്ഞയാഴ്ചയാണ് ശ്രീലങ്കയിൽ ചൈന നിർമ്മിച്ച ഹംബന്തോട്ട തുറമുറഖത്തേയ്‌ക്ക് ഉപഗ്രഹനിരീക്ഷണ ചാരകപ്പലിനെ എത്തിക്കാൻ ചൈന ശ്രമിച്ചത്. മിസൈൽ വാഹിനി കൂടിയായ കപ്പലുമായി ശ്രീലങ്കയിലെത്തുക എന്നതിനേക്കാൾ ഇന്ത്യയെ വളയുന്ന തന്ത്രത്തിന്റെ തുടക്കമാണ് ചൈന ആഗ്രഹിച്ചിരുന്നതെന്നും പ്രതിരോധ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കടുത്ത പ്രതിസന്ധിയിലായ ശ്രീലങ്കയേയും വ്യവസായികമായി ബംഗ്ലാദേശിനേയും സഹായിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യയെ പിണക്കി ഒരു പ്രതിരോധ സഖ്യത്തിനും ഒരുക്കമല്ലെന്ന നിലപാടാണ് ഇരുരാജ്യങ്ങളും സ്വീകരിക്കുന്നത്.
















Comments