കാബൂൾ: 20 വർഷം കൊണ്ട് ഞങ്ങൾ അനുഭവിച്ചു വന്ന സ്വാതന്ത്ര്യം അത്ര പെട്ടെന്നൊന്നും വിട്ടു കൊടുക്കാൻ പറ്റുമോ. അവർ കൊല്ലുന്നെങ്കിൽ കൊല്ലട്ടെ. അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണം പിടിച്ചെടുത്തതിന് ശേഷം സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനും അവകാശങ്ങൾക്കും വിലക്കേർപ്പെടുത്തിരിക്കുകയാണ്. എന്നാൽ ഇതിനെതിരെ പോരാടാനായൊരുങ്ങുകയാണ് 31 കാരിയായ മോനേസ മുബാറസ്. താലിബാൻ സ്ത്രീകളുടെമേൽ നടപ്പിലാക്കുന്ന നിരോധനങ്ങൾക്ക് മുന്നിൽ മുട്ടുമടക്കാൻ സാധ്യമല്ല. ഈ കരി നിയമത്തിനെതിരെ പ്രതികരിക്കാൻ സ്ത്രീകൾ മുന്നോട്ട് വരണമെന്നും അവർ പറഞ്ഞു.
1990കളുടെ അവസാനത്തിൽ അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരത്തിലേറിയ ശേഷം അവരുടെ നിയമം അനുസരിച്ച് ജീവിക്കേണ്ട അവസ്ഥയായിരുന്നു. സ്ത്രീകൾക്ക് സ്വാതന്ത്ര്യത്തെ കുറിച്ച് സ്വപ്നം പോലും കാണാൻ കഴിയാത്ത കാലത്ത് അഫ്ഗാനിലെ സ്ത്രീപോരാട്ടങ്ങളിൽ പങ്കെടുത്തവരിൽ ഒരാളായിരുന്നു മോനേസ മുബാറസ്. താലിബാൻ അധികാരത്തിൽ വരുന്നതിനു മുൻപ് അഫ്ഗാനിസ്ഥാനിലെ ധനമന്ത്രാലയത്തിന് കീഴിൽ പോളിസി മോണിറ്ററിംഗ് ഡയറക്ടറായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു അവർ.
താലിബാന്റെ ഇസ്‌ലാമിക നിയമത്തിന് കീഴിൽ പേടിച്ച് വീടിനുള്ളിൽ ഒളിച്ചിരിക്കാൻ താൻ തയ്യാറാല്ല. സമൂഹത്തിൽ സ്ത്രീകളുടെ പ്രാധാന്യമെന്തെന്ന് തിരിച്ചറിയാൻ കഴിയാത്ത താലിബാനോട് സ്വാതന്ത്ര്യത്തിനായി സംസാരിക്കുന്നതിൽ അർത്ഥമില്ല. ഇവരുടെ ഭരണത്തിൽ താനുൾപ്പെടുന്ന സ്ത്രീകൾക്ക് തൊഴിൽ നഷ്ടമായി. കൂടാതെ ശിരോ വസ്ത്രം ധരിക്കണം, വീടിനു പുറത്തു അനാവശ്യമായി ഇറങ്ങരുത് തുടങ്ങിയ നിയമങ്ങളാണ് നടപ്പിലാക്കുന്നത്.
സ്ത്രീകൾക്ക് സ്കൂളുകളിൽ നിരോധനം ഏർപ്പെടുത്തി വിദ്യാലയങ്ങൾ അടച്ചു പൂട്ടിയിരിക്കുന്നു. മന്ത്രിസഭയിലും മറ്റ് തൊഴിലിടങ്ങളിലും സ്ത്രീകൾക്ക് വിലക്കേർപ്പെടുത്തി. ഇത്തരം കാട്ടാള നിയമത്തിനു കീഴിൽ സ്ത്രീകൾക്ക് ജീവിക്കാൻ സാധിക്കില്ല. അഫ്ഗാനിലെ സ്ത്രീകളുടെ അവകാശങ്ങൾക്കു വേണ്ടി പോരാടാൻ താൻ തയ്യാറെടുത്തു കഴിഞ്ഞു. എന്റെ അവസാന ശ്വാസം വരെ ഈ പോരാട്ടത്തിന് നേതൃത്വം നൽകുമെന്നും മുബാറസ് കൂട്ടിച്ചേർത്തു. ഇതിനോടകം നിരവധി പ്രതിഷേധ സമരങ്ങളിൽ അവർ പങ്കെടുത്തു കഴിഞ്ഞു. കഴിഞ്ഞ മാസം തന്റെ വീട്ടിൽ ഒരു കൂട്ടം സ്ത്രീകളുമായി ഒത്തു കൂടുകയും സ്ത്രീകളുടെ അവകാശം, സ്വാതന്ത്ര്യം, തൊഴിൽ, വിദ്യാഭ്യാസം, ഭക്ഷണം തുടങ്ങിയ വിഷയങ്ങളെ കുറിച്ച് ചർച്ച ചെയ്തു.
ജനിച്ച മണ്ണിൽ സ്വാതന്ത്ര്യവും അവകാശവും നഷ്ടപ്പെട്ടു ജീവിക്കുന്നതിലും ഭേദം താലിബാന്റെ വെടിയുണ്ടകൾക്ക് ഇരയാകുന്നതാണ് നല്ലത്. അതിനായ് ഞങ്ങൾ രാജ്യത്തുടനീളം വലിയ പ്രതിഷേധങ്ങൾ സംഘടിപ്പിക്കാനൊരുങ്ങുകയാണ്. പെൺകുട്ടികൾക്ക് വിദ്യാഭ്യസം വിലക്കിയ ലോകത്തിലെ ഏക രാജ്യം അഫ്ഗാനിസ്ഥാനാണ്. വരും ദിവസങ്ങൾ താലിബാന്റെ കരി നിയമത്തിനെതിരെയും സ്ത്രീ സമത്വത്തിനും സ്വാതന്ത്ര്യത്തിനുമായി പോരാടാൻ തന്നെയാണ് തീരുമാനമെന്ന് മുബാറസ് വ്യക്തമാക്കി.
Comments