ഡൽഹി: ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ 79-ാം വാർഷിക വേളയിൽ സ്വാതന്ത്ര്യസമര സേനാനികളെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ ചൈതന്യം ഇന്ത്യയൊട്ടാകെ അലയടിക്കുകയും രാജ്യത്തെ യുവാക്കളെ ഊർജ്ജസ്വലമാക്കുകയും ചെയ്യുന്നു. കൊളോണിയലിസത്തിനെതിരെയുള്ള പോരാട്ടം ശക്തിപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിച്ച ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്ത മഹാരഥന്മാർക്ക് ആദരം അർപ്പിക്കുന്നുവെന്ന് നരേന്ദ്രമോദി പറഞ്ഞു.
ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ സുപ്രധാന നാഴികക്കല്ലായിരുന്നു ക്വിറ്റ് ഇന്ത്യാ സമരം. ഗാന്ധിയുടെ നേതൃത്വത്തിൽ സാമ്രാജ്യത്വത്തെ വേരോടെ പിഴുതെറിയാൻ ഇന്ത്യയിലുടനീളമുള്ള ജനങ്ങൾ ഒന്നിച്ചു. 1942-ലെ ഈ ഒരു ദിവസത്തിൽ ബ്രിട്ടീഷുകാരെ രാജ്യത്ത് നിന്ന് തുരത്താൻ ഗാന്ധി എല്ലാ ഇന്ത്യക്കാർക്കും ആഹ്വാനം നൽകി. “പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക” എന്നാണ് അദ്ദേഹം പറഞ്ഞത്. മുംബൈയിലെ ഗവാലിയ ടാങ്കിൽ നിന്നാണ് പ്രസ്ഥാനം ആരംഭിച്ചതെന്നും പ്രധാനമന്ത്രി ഓർമ്മപ്പെടുത്തി.
ബാപ്പുവിന്റെ നേതൃത്വത്തിൽ ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുക്കുകയും നമ്മുടെ സ്വാതന്ത്ര്യ സമരത്തെ ശക്തിപ്പെടുത്തുകയും ചെയ്ത എല്ലാവരെയും അനുസ്മരിക്കുന്നുവെന്ന് നരേന്ദ്രമോദി ട്വിറ്ററിൽ കുറിച്ചു. ഗാന്ധിയുടെ പഴയ ചിത്രങ്ങൾ ഉൾപ്പെടുത്തികൊണ്ടാണ് പ്രധാനമന്ത്രി കുറിപ്പ്. ബോംബെയിൽ ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ തുടക്കത്തിലെ മഹാത്മാഗാന്ധിയുടെ ചിത്രം അദ്ദേഹം പങ്കുവെച്ചു. ”ആഗസ്റ്റ് 9 നമ്മുടെ ദേശീയ വിപ്ലവത്തിന്റെ ജ്വലിക്കുന്ന പ്രതീകമായി മാറിയിരിക്കുന്നു” എന്നാണ് ലോക്നായക് ജെപി പറഞ്ഞത്. ബാപ്പുവിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ആരംഭിച്ച ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിൽ ജെ.പി., ഡോ. ലോഹ്യ തുടങ്ങിയ മഹാരഥന്മാർ ഉൾപ്പെടെ പങ്കെടുത്തുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
Comments