അയൽവാസികളുമായി നല്ല ബന്ധം സൂക്ഷിക്കാൻ ആഗ്രഹിക്കുന്നവരാണ് നമ്മളെല്ലാവരും. പലപ്പോഴും അഭിപ്രായ വ്യത്യാസങ്ങളുടെ പേരിൽ അയൽവീട്ടുകാരുമായി തർക്കം ഉണ്ടാവാറുണ്ട്. ചിലയിടങ്ങളിൽ ഈ തർക്കം അങ്ങ് പോലീസ് സ്‌റ്റേഷനും കോടതിയും വരെ നീളും.
എന്നാൽ 76 വയസുകാരായ ഫ്രെഡറിക്കും ഭാര്യ ജുട്ടയും അയൽക്കാരുമായുള്ള പ്രശ്‌നം കാരണം കോടതി കയറി ഇറങ്ങുകയാണ്. ദമ്പതികളുടെ സമാധാനം നശിപ്പിക്കുന്നത് ഒരു പൂവൻ കോഴിയാണ്. പൂവൻകോഴി കൂവുന്നതാണ് ഇവരുടെ പ്രശ്‌നം. കോഴിയല്ലേ കൂവും എന്ന് പറയാൻ വരട്ടെ. ഒരു ദിവസം 200 തവണയാണ് മഗ്ദ എന്ന് വിളിക്കുന്ന പൂവൻ കോഴി കൂവുന്നതെന്നാണ് ഇരുവരുടെയും പരാതി.
ഇത് അസഹനീയമാണെന്നും പീഡനത്തിന് തുല്യമാണെന്നും ദമ്പതിമാർ അവകാശപ്പെടുന്നു. ഇതിനൊരു പരിഹാരം വേണമെന്നാവശ്യപ്പെട്ടാണ് ഇരുവരും കോടതി കയറിയത്. തങ്ങളുടെ അയൽവാസിയുടെ വീട്ടിൽ നിന്ന് കോഴിയെ മാറ്റണമെന്നാണ് ദമ്പതിമാരുടെ ആവശ്യം. കോടതി കയറുന്നതിന് മുമ്പായി ഒരു ദിവസം കോഴി എത്രതവണ കൂവും എന്നതടക്കമുള്ള കണക്കുകൾ ഇരുവരും ചേർന്ന് ശേഖരിച്ചിരുന്നു.
മഗ്ദ കാരണം ജനാലകൾ പോലും തുറന്നിടാൻ കഴിയുന്നില്ലെന്നും ദമ്പതികൾ ആരോപിക്കുന്നു. രാവിലെ എട്ട് മണി മുതൽ 200 തവണയാണ് കോഴി കൂവുന്നത്. മഗ്ദയുടെ ഈ കൂവൽ കാരണം രണ്ട് വർഷം മുമ്പ് ഒരു അയൽക്കാരൻ മാറിത്താമസിച്ചതായി ദമ്പതികൾ ചൂണ്ടിക്കാട്ടി. എന്നാൽ ദമ്പതികളുടെ ആരോപണങ്ങളെല്ലാം നിഷേധിക്കുകയാണ് കോഴിയുടെ ഉടമ. മഗ്ദ സാധാരണ ഒരു പൂവൻകോഴിയാണന്നും അസാധാരണത്വം ഒന്നുമില്ലെന്നും ഉടമ പറയുന്നു. തന്റെ കോഴി കൃഷി മുന്നോട്ട് കൊണ്ട് പോവാൻ മഗ്ദ കൂടിയെ തീരുവെന്നാണ് ഉടമ പറയുന്നത്.
Comments