കീവ്: ഒരു ഇടവേളയ്‌ക്ക് ശേഷം റഷ്യയ്‌ക്കെതിരെ ആഞ്ഞടിച്ച് യുക്രെയ്ൻ. റഷ്യയുടെ കൈവശമുള്ള ക്രിമയയിലെ വ്യോമതാവളത്തിലാണ് സ്‌ഫോടനം നടത്തിയത്. യുക്രെയ്ൻ ആക്രമണം നടത്തിയെന്നാണ് പ്രതിരോധ വിദഗ്ധർ അറിയിക്കുന്നത്. വ്യോമതാവളത്തിലെ സ്‌ഫോടനത്തിൽ റഷ്യയുടെ ഏഴ് യുദ്ധവിമാനങ്ങളാണ് തകർന്നത്. ഇതിനിടെ റഷ്യയുടെ അതിർത്തിയിൽ നിന്നും 225 കിലോമീറ്റർ അകത്തുള്ള വ്യോമതാവളത്തിൽ നടന്ന സ്‌ഫോടനത്തിന് തങ്ങൾ ഉത്തരവാദികളല്ലെന്നാണ് യുക്രെയ്ൻ പ്രതിരോധ മന്ത്രാലയം പറയുന്നത്.
ആക്രമണത്തിന്റെ ഉപഗ്രഹ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഒരു ദിവസം റഷ്യയ്‌ക്കുണ്ടാകുന്ന ഏറ്റവും വലിയ നഷ്ടമായിട്ടാണ് തുറമുഖ നഗരം കൂടിയായ ക്രിമിയയിലെ ആക്രമണത്തെ വിലയിരുത്തുന്നത്. ഫെബ്രുവരി മുതൽ യുക്രെയ്‌നെതിരെ നിർത്താതെ ആക്രമണം നടത്തുന്ന റഷ്യയ്‌ക്ക് വലിയ നാണക്കേടാണ് ഇന്നലെ നടന്ന സ്‌ഫോടനം ഉണ്ടാക്കിയിരിക്കുന്നത്. മൂന്ന് വലിയ ഗർത്തങ്ങൾ വ്യോമതാവള ത്തിലുണ്ടായതായി ചിത്രത്തിലൂടെ വ്യക്തമാണ്. ഇത് ബാഹ്യമായ ആക്രമണത്തിന്റെ സൂചനയാണെന്നും പ്രതിരോധ വിദഗ്ധർ പറയുന്നു.
റഷ്യയുടെ എസ്യു-24 ബോംബറുകളും എസ് യു-30 യുദ്ധവിമാനങ്ങളുമാണ് ക്രിമിയ വ്യോമതാവളത്തിലുണ്ടായിരുന്നത്. സാക്കി വ്യോമതാവളത്തിലാണ് യുക്രെയ്ൻ വ്യോമസേന ശക്തമായ ബോംബാക്രമണം നടത്തിയത്. ഇതിനിടെ 9 വിമാനങ്ങളാണ് തകർത്തതെന്ന് യുക്രെയ്ൻ അവകാശപ്പെടുന്നു. യുദ്ധത്തിന്റെ തുടക്കത്തിൽ റഷ്യയുടെ യുദ്ധകപ്പലായ മോസ്‌ക്വാ തകർന്നതു പോലെ സ്‌ഫോടനങ്ങളുടെ ഒരു ശൃംഖലയാണ് ക്രിമിയയിലെ വ്യോമതാവളത്തിൽ നടന്നതെന്നാണ് വിലയിരുത്തൽ.
















Comments