ന്യൂഡൽഹി: ഗ്രാമീണ സഹകരണബാങ്കുകളുടെ എകദിന ദേശീയ സമ്മേളനം ഇന്ന് ആഭ്യന്തരമന്ത്രി അമിത്ഷാ ഉദ്ഘാടനം ചെയ്യും.സഹകരണമന്ത്രാലയവും നാഷ്ണൽ ഫെഡറേഷൻ ഓഫ് സ്റ്റേറ്റ് കോഓപ്പറേറ്റീവ് ബാങ്കുകളും സംയുക്തമായാണ് ദേശീയ സമ്മേളനം സംഘടിപ്പിക്കുന്നത്.
കേന്ദ്ര സഹകരണ സഹമന്ത്രി ബിഎൽ വർമ്മ സമ്മേളനത്തിന്റെ സമാപന സഭയെ അഭിസംബോധന ചെയ്യും. സഹകരണ മന്ത്രാലയം സെക്രട്ടറി ഗ്യാനേഷ് കുമാർ, നാഫ്‌സ്‌കോബ് ചെയർമാൻ കൊണ്ടുരു രവീന്ദർ റാവു, നാഫ്‌സ്‌കോബ് മാനേജിംഗ് ഡയറക്ടർ ഭീമ സുബ്രഹ്മണ്യം എന്നിവരും പങ്കെടുക്കും.
മികച്ച പ്രകടനം കാഴ്ചവെച്ച സ്റ്റേറ്റ് കോഓപ്പറേറ്റീവ് ബാങ്കുകൾ, ജില്ലാ കേന്ദ്ര സഹകരണ ബാങ്കുകൾ (ഡിസിസിബികൾ), പിഎസിഎസ് എന്നിവയ്‌ക്കുള്ള അവാർഡുകളുടെ വിതരണവും സേവനരംഗത്ത് 100 വർഷം പൂർത്തീകരിച്ച ഹ്രസ്വകാല സഹകരണ വായ്പാ സ്ഥാപനങ്ങൾക്കുള്ള ആദരവും ആഭ്യന്തരമന്ത്രി നിർവഹിക്കും.
ഇന്ത്യയിലെ ഹ്രസ്വകാല സഹകരണ വായ്പാ ഘടനയിൽ 34 സ്‌റ്റേറ്റ് കോഓപ്പറേറ്റീവ് ബാങ്കുകളും 351 ജില്ലാ കേന്ദ്ര സഹകരണ ബാങ്കുകളും 96,575 പിഎസിഎസുകളും ഉൾപ്പെടുന്നുണ്ട്. സ്റ്റേറ്റ് കോഓപ്പറേറ്റീവ് ബാങ്കുകളുടെ ദേശീയ ഫെഡറേഷൻ 1964 മെയ് 19 നാണ് സ്ഥാപിതമായത്. ബാങ്കുകളുടെ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനും ഹ്രസ്വകാല സഹകരണ വായ്പ ഘടന വികസിപ്പിക്കുന്നതിനുമായിട്ടാണ് ഇത് സ്ഥാപിതമായത്.
Comments