ന്യൂഡൽഹി: ദയാവധത്തിനായി യൂറോപ്പിലേക്ക് പോകാനൊരുങ്ങുന്ന സുഹൃത്തിനെ തടയണമെന്നാവശ്യപ്പെട്ട് ബംഗളൂരു സ്വദേശിനിയുടെ ഹർജി. നോയിഡ സ്വദേശിയായ 48 കാരൻ ഫിസിഷ്യന്റെ സഹായത്തോടെ ദയാവധം ചെയ്യുന്നതിനായി സുഹൃത്ത് സ്വിറ്റസർലൻഡിലേക്ക് പോകാൻ പദ്ധതിയിടുകയാണെന്നാണ് ഹർജിയിൽ പറയുന്നത്. 2014 മുതൽ അദ്ദേഹം ക്രോണിക് ഫാറ്റിഗ് സിൻഡ്രോം ബാധിതനാണെന്നും എട്ട് വർഷമായി കിടപ്പിലാണെന്നുംഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു.
സുഹൃത്തിന്റെ യാത്ര തടയണമെന്നും അപേക്ഷ തള്ളിയാൽ അവന്റെ മാതാപിതാക്കൾക്കും മറ്റ് കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും നികത്താനാവാത്ത നഷ്ടവും കഠിനമായ വേദനയും അനുഭവിക്കേണ്ടി വരുമെന്ന് രോഗിയുടെ അടുത്ത സുഹൃത്തെന്ന് വിശേഷിപ്പിച്ച യുവതി അഭ്യർത്ഥിച്ചു.
തന്റെ സുഹൃത്ത് എയിംസിൽ ഫെക്കൽ മൈക്രോബയോട്ട ട്രാൻസ്പ്ലാന്റേഷൻ എന്ന ചികിത്സയ്‌ക്ക് വിധേയനായിരുന്നു. എന്നാൽ കൊറോണയും ദാതാക്കളുടെ ലഭ്യത പ്രശ്‌നങ്ങളും കാരണം ചികിത്സ തുടരാൻ കഴിഞ്ഞല്ലന്ന് യുവതി പറയുന്നു. ദയാവധത്തിനായുള്ള ഓപ്ഷനുകൾ നോക്കുന്നു, മതിയായി എന്ന രീതിയിൽ സുഹൃത്തയച്ച സന്ദേശവും ഹർജിയോടൊപ്പമുണ്ട്.
വിദേശ പൗരന്മാർക്ക് സഹായം നൽകുന്ന സൂറിച്ച് ആസ്ഥാനമായുള്ള ഡിഗ്നിറ്റാസ് എന്ന സംഘടനയിലൂടെ ദയാവധത്തിന് വിധേയനാകാനാണ് ഇയാൾ തീരുമാനിച്ചത്. അപേക്ഷ സംഘടന സ്വീകരിച്ചെന്നും അന്തിമ തീരുമാനത്തിനായി അദ്ദേഹം കാത്തിരിക്കുകയാണെന്നും സുഹൃത്ത് അവകാശപ്പെടുന്നുണ്ട്. ബെൽജിയത്തിലെ ഒരു ക്ലിനിക്കിൽ ചികിത്സയ്‌ക്ക് പോകുന്നുവെന്ന് തെറ്റിദ്ധരിപ്പിച്ച് 26 യൂറോപ്യൻ രാജ്യങ്ങളിലേക്ക് അനിയന്ത്രിതമായി യാത്ര അനുവദിക്കുന്ന ഷെങ്കൻ വീസ സുഹൃത്ത് നേടിയതായും യുവതി പറയുന്നുണ്ട്.
Comments