ന്യൂഡൽഹി: കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയെ ബഹു ദൂരം മുന്നിലെത്തിച്ച കായിക താരങ്ങൾക്ക് അഭിനന്ദനമറിയിക്കാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. ശനിയാഴ്ച ഡൽഹിയിലെ ഔദ്യോഗിക വസതിയിലാകും മെഡൽ ജേതാക്കളുമായി കൂടിക്കാഴ്ച നടത്തുക. ബർമിംഗ്ഹാമിലെ കോമൺവെൽത്ത് മെഡൽ ജേതാക്കളുടെ ഗംഭീരമായ പ്രകടനത്തിന് ശേഷം ആദ്യമായാണ് പ്രധാനമന്ത്രി വിജയികളുമായി നേരിൽ സംവദിക്കാൻ ഒരുങ്ങുന്നത്.
ഭാരോദ്വഹനത്തിൽ മെഡൽ നേടിയ സങ്കേത് സർഗർ, ഗുരുരാജ പൂജാരി, മീരാഭായ് ചാനു, ബിന്ധ്യാറാണി ദേവി, ജെറമി ലാൽറിന്നുംഗ, അചിന്ത ഷീലി, ഹർജീന്ദർ കൗർ, ലവ്പ്രീത് സിംഗ്, ഗുർദീപ് സിംഗ്, ഗുസ്തിയിൽ മെഡൽ കരസ്ഥമാക്കിയ അൻഷു മാലിക്, ബജ്രംഗ് പുനിയ, സാക്ഷി മാലിക്, ദീപക് പുനിയ, ദിവ്യ കാക്രൺ പുനിയ, ദിവ്യാ കാക്രൺ സിംഗ്, മോഹിത് ഗ്രെവാൾ, പൂജ ഗെഹ്ലോട്ട്, രവി ദാഹിയ, വിനേഷ് ഫോഗട്ട്, നവീൻ, ദീപക് നെഹ്റ, പൂജ സിഹാഗ് എന്നിവരും അത്ലറ്റിക്സിൽ മെഡലുകൾ നേടിയ മുരളി ശ്രീശങ്കർ, എൽദോസ് പോൾ, അബ്ദുല്ല അബൂബക്കർ, സന്ദീപ് കുമാർ, അന്നു റാണി എന്നിവരും ബാഡ്മിന്റൺ,ക്രിക്കറ്റ്, ടേബിൾ ടെന്നീസ് ടീമുകളുമായും പ്രധാനമന്ത്രി സംവദിക്കും.
72 രാജ്യങ്ങൾ 280 ഇനങ്ങളിലായി പങ്കെടുത്ത മത്സരത്തിൽ 22 സ്വർണവും 16 വെള്ളിയും 23 വെങ്കലവും ഉൾപ്പെടെ 61 മെഡലുകളുമായാണ് ഇന്ത്യൻ സംഘം ബർമിംഗ്ഹാമിന്റെ മണ്ണിൽ നിന്നും തിരികെ എത്തിയത്. രാജ്യത്തിന് വേണ്ടി മെഡൽ കരസ്ഥമാക്കിയവരെ പ്രധാനമന്ത്രി ട്വിറ്റർ വഴി അഭിനന്ദിച്ചിരുന്നു. മത്സരം അവസാനിപ്പിക്കാൻ കഴിയാത്തവർക്കും വിജയം നഷ്ടമായവർക്കും പ്രധാനമന്ത്രി ആശംസകളും ഊർജ്ജവും പകർന്നിരുന്നു.
















Comments