മുംബൈ: ബിജെപി മുൻ വക്താവ് നൂപുർ ശർമ്മയെ പിന്തുണച്ചതിന് അമരാവതിയിൽ ഉമേഷ് കോൽഹെയെ കൊലപ്പെടുത്തിയ കേസിലെ പത്താം പ്രതിയെ അറസ്റ്റ് ചെയ്ത് ദേശീയ അന്വേഷണ ഏജൻസി. അമരാവതിയിലെ ലാൽഘാഡി സ്വദേശിയായ 28-കാരൻ ഷെയ്ഖ് ഷക്കീലാണ് പിടിയിലായത്. കൊലപാതക ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് തെളിഞ്ഞതിനാലാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് പോലീസ് വ്യക്തമാക്കി. കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് എൻഐഎ ഉദ്യോഗസ്ഥർ പറഞ്ഞു.
കൊലപാതകത്തിന്റെ മുഖ്യ സൂത്രധാരൻ ഇർഫാൻ ഖാൻ , സോനു റാസ ഷെയ്ഖ് ഇബ്രാഹിം എന്ന മുദസർ അഹമ്മദ് , ഷാരൂഖ് പത്താൻ എന്ന ബാദ്ഷാഷ ഹിദായത്ത് ഖാൻ , നാണു ഷെയ്ഖ് തസ്ലിം എന്ന അബ്ദുൾ തൗഫിക് ഭൂര്യ സാബിർ ഖാൻ എന്ന ഷൂബ് ഖാൻ അതിബ് റാഷിദ് ആദിൽ റഷീദ് , യൂസഫ് ഖാൻ ബഹാദൂർ ഖാൻ എന്നിവർ നേരത്തെ അറസ്റ്റിലായിരുന്നു. ജൂൺ 26-ന് അമരാവതിയിലെ കോട്‌വാലി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ് പിന്നീട് ജൂലൈ 2-ന് എൻഐഎ വീണ്ടും രജിസ്റ്റർ ചെയ്ത് അന്വേഷിക്കുകയായിരുന്നു.
ജൂൺ 21-നാണ് മൂന്നംഗ സംഘം ഉമേഷിനെ കത്തി ഉപയോഗിച്ച് ആക്രമിച്ചത്. പിന്നീട് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. നൂപുർ ശർമ്മയെ പിന്തുണച്ച് സോഷ്യൽ മീഡിയയിൽ ഇട്ട പോസ്റ്റിന് പ്രതികാരമായാണ് കുറ്റകൃത്യം ചെയ്തതെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
















Comments