ബീജിങ്: അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്താനും തെക്കു കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ സന്ദർശനം നടത്താനും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് പദ്ധതി ഇടുന്നതായി വിവരം. നവംബറിൽ ഇരു നേതാക്കളും തമ്മിൽ കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. വാൾ സ്ട്രീറ്റ് ജേണലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഏകദേശം മൂന്ന് വർഷത്തിന് ശേഷമാണ് ഷി ജിൻ പിങ് അന്താരാഷ്‌ട്ര യാത്രയ്‌ക്കൊരുങ്ങുന്നത്. അമേരിക്കൻ പ്രസിഡന്റായി ജോ ബൈഡൻ സ്ഥാനം ഏറ്റെടുത്തതിന് ശേഷമുള്ള ഇരുവരുടേയും ആദ്യ കൂടിക്കാഴ്ച കൂടിയാകും ഇത്.
നവംബർ 15 മുതൽ 16 വരെ ബാലിയിൽ നടക്കുന്ന ജി20 രാജ്യങ്ങളുടെ ഉച്ചകോടിയിലും ഷി ജിൻപിങ് പങ്കെടുക്കുമെന്നാണ് വിവരം. അടുത്തിയ നാൻസി പെലോസി തായ്‌വാൻ സന്ദർശിച്ചതിന് പിന്നാലെ അമേരിക്കയും ചൈനയുമായുള്ള ബന്ധത്തിൽ കൂടുതൽ ഉലച്ചിലുകൾ വന്നിരുന്നു. ഇതുകൂടി പരിഹരിക്കുന്നതിന് വേണ്ടിയാണ് നേരിട്ടുള്ള കൂടിക്കാഴ്ട എന്നാണ് വിവരം. ചർച്ചകളിലൂടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഇരുരാജ്യങ്ങളും പ്രത്യേക സംഘങ്ങളെ നിയമിച്ചതായും വിവരമുണ്ട്. എന്നാൽ ഇതിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.
Comments