ന്യൂഡൽഹി: കുട്ടികളിൽ രാജ്യ സ്‌നേഹം വളർത്താനും ഉത്തരവാദിത്വബോധമുള്ളവരായി വളരാനും സ്‌കൂൾ പാഠ്യപദ്ധതിയിൽ ഇന്ത്യൻ സൈനികരുടെ ജീവിതവും ധീരതയാർന്ന പ്രവൃത്തികളും ഉൾപ്പെടുത്താൻ പദ്ധതിയിടുന്നതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ വ്യക്തമാക്കി. രാജ്യത്തിനെ പലവിധ അപകട സാഹചര്യങ്ങളിൽ ജീവൻ വെടിഞ്ഞു വരെ സംരക്ഷിക്കുന്ന സൈനികരുടെ വീര്യം കുട്ടികൾ അറിയാതെ പോകരുതെന്നും രാജ്യത്തോടുള്ള ഉത്തരവാദിത്വം ചെറുപ്പം മുതൽ കുട്ടികൾ ശീലിക്കണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
സായുധ സേനയുടെ ത്യാഗങ്ങളെ കുറിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തിൽ സംഘടിപ്പിക്കുന്ന ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി പ്രരിരോധ മന്ത്രാലയം സംഘടിപ്പിച്ച ‘വീർ ഗാഥ’ പരിപാടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. 2021 ഒക്ടോബർ 21 മുതൽ നവംബർ 20 വരെ നടന്ന വീർഗാഥ മത്സരത്തിലെ വിജയികളായ 25 പേരെ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് അനുമോദിച്ചു.4,788 സ്‌കൂളുകളിൽ നിന്നുള്ള 804,000 വിദ്യാർത്ഥികളുടെ ഉപന്യാസങ്ങളും കവിതകളും ചിത്രരചനകളും മൾട്ടിമീഡിയ അവതരണങ്ങളും പങ്കുവെച്ചു. നിരവധി റൗണ്ടുകളിലെ മൂല്യനിർണ്ണയത്തിന് ശേഷം 25 വിദ്യാർത്ഥികളെ തിരഞ്ഞെടുത്ത് ‘സൂപ്പർ-25’ ആയി പ്രഖ്യാപിച്ചു.
ജനങ്ങളുടെ പോരാട്ടങ്ങളെയും ത്യാഗങ്ങളെയും അനുസ്മരിക്കാൻ ഓഗസ്റ്റ് 14 രാജ്യത്തുടനീളം വിഭജനത്തിന്റെ അനുസ്മരണ ദിനമായി ആചരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതേ തുടർന്ന് സൈനികരെ ആദരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. സൂപ്പർ സേന 25 എന്ന പേരിലാകും ചടങ്ങെന്നും അറിയിച്ചു.
Comments