കാബൂൾ: ഓഗസ്റ്റ് 15ന് കാബൂളിന്റെ നിയന്ത്രണം താലിബാൻ പിടിച്ചെടുത്തിട്ട് ഒരു വർഷം തികയുന്നു. ഇന്ത്യ രാജ്യമെമ്പാടും സ്വാതന്ത്ര്യം ദിനം ആഘോഷിക്കുമ്പോൾ അഫ്ഗാൻ ജനത സ്വാതന്ത്ര്യം നഷ്ടമായതിന്റെ തീരാ ദുഖവുമായി നരകയാതന അനുഭവിച്ച് കഴിഞ്ഞു കൂടുകയാണ്. അഫ്ഗാനിസ്ഥാനിൽ നിന്നും അമേരിക്ക നാറ്റോ സൈനികരെ പിൻവലിച്ചതിനെ തുടർന്ന് താലിബാൻ അഫ്ഗാൻ കീഴടക്കുകയായിരുന്നു. നിരവധി മനുഷ്യർ ജീവരക്ഷാർത്ഥം പല രാജ്യങ്ങളിലേക്കും പലായനം ചെയ്യുകയും, ഓടി രക്ഷപ്പെടുകയും ചെയ്തു.
താലിബാൻ നിയന്ത്രിത അഫ്ഗാനിൽ മനുഷ്യാവകാശം ലംഘിക്കപ്പെടുന്ന കാഴ്ചകൾ ഓരോന്നായി പുറത്തു വരുമ്പോഴും താലിബാൻ ഭീകരർ ക്രൂരതയുടെ ഉന്മൂലന സിദ്ധാന്തം നടപ്പിലാക്കുകയാണ് ചെയ്യുന്നത്.
ഐക്യരാഷ്ട്ര സഭ താലിബാന്റെ മനുഷ്യാവകാശ ലംഘനത്തിനെതിരെ വിമർശനം നടത്തിയിരുന്നു. താലിബാൻ ഭരണത്തിന് കീഴിൽ അഫ്ഗാൻ ജനത കടുത്ത സാമ്പത്തിക ബുദ്ധിമുട്ടും ദാരിദ്ര്യവും കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണെന്നും മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
താലിബാൻ അധികാരം പിടിച്ചെടുത്തത് മുതൽ പ്രമുഖ വ്യവസായ കമ്പനികൾ അവരുടെ വ്യവസായ സ്ഥാപനങ്ങൾ അടച്ചു പൂട്ടുകയും , അഫ്ഗാനിസ്ഥാനുമായുള്ള സാമ്പത്തിക ഇടപാടുകൾ മരവിപ്പിക്കുകയും ചെയ്തിരുന്നു. ഭരണത്തിലേറിയ താലിബാൻ കടുത്ത നിയന്ത്രണങ്ങളാണ് ജനങ്ങളുടെ മേൽ നടപ്പിലാക്കിയത്. സ്ത്രീകളുടെ വിദ്യാഭ്യാസവും, തൊഴിലും പൂർണ്ണമായും നിരോധിച്ചു. ഇസ്ലാമിക നിയമത്തിന്ന് കീഴിൽ കഴിഞ്ഞു കൂടണമെന്ന് ആഹ്വാനം ചെയ്തു. പ്രതിഷേധത്തിന് തയ്യാറായവരെ ഭീകരർ കൊന്നു കളയുന്ന സാഹചര്യമുണ്ടായി. വിശപ്പു മൂലം സ്കൂളിൽ പഠിക്കാൻ കഴിയാതെ കുട്ടികളടക്കമുള്ളവർ ജോലിക്ക് പോകേണ്ട സാഹചര്യമാണ് നിലവിലുള്ളത്.
സ്ത്രീകൾ ഉൾപ്പെടെ ഉള്ളവർ നരകയാതന അനുഭവിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി ടോളോ ന്യൂസ് മുൻപ് റിപ്പോർട്ട് പുറത്തു വിട്ടിരുന്നു. ഐക്യരാഷ്ട്ര സഭ ഉൾപ്പെടെ ഉള്ളവർ താലിബാനെതിരെ വിമർശനവുമായി രംഗത്ത് വന്നിരുന്നു.
Comments