ന്യൂഡൽഹി: എല്ലാവർഷവും ഓഗസ്റ്റ് 13 ലോക അവയവദാന ദിനമായി ആചരിക്കുന്നു. അവയവദാനത്തെക്കുറിച്ചുള്ള അവബോധം പ്രചരിപ്പിക്കുന്നതിനും അവയവദാനവുമായി ബന്ധപ്പെട്ട മിഥ്യധാരണകൾ ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തിലാണ് അവയവദാന ദിനം ആചരിക്കുന്നത്. മരണത്തിനെ മുഖാമുഖം കാണുന്ന ഒരു വ്യക്തിയ്‌ക്ക് അവയവം ദാനം ചെയ്യുന്നതിലൂടെ പുതു ജീവൻ നൽകുകയാണ് ചെയ്യുന്നത്.
ലോക അവയവദാന ദിനത്തിൽ നിരവധി നേതാക്കളാണ് അവയവദാനം പ്രോത്സാഹിപ്പിക്കണമെന്ന ആവശ്യവുമായി സമൂഹമാദ്ധ്യമങ്ങൾ വഴി സന്ദേശവുമായി എത്തുന്നത്. അവയവദാനദാനം മഹത്തരമായ പ്രവൃത്തിയാണെന്നും നൂതന സാങ്കേതിക വിദ്യയുടെയും വിദഗ്ധ ഡോക്ടർമാരുടെയും സഹായത്താൽ നിരവധി ജീവനുകൾ രക്ഷിക്കാനാകുമെന്നുമാണ് കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി ട്വിറ്ററിൽ കുറിച്ചത്.
രാജ്യം ആസാദി കാ അമൃത് മഹോത്സവ് ആഘോഷിക്കുന്ന വേളയിൽ ഒരാളുടെ ജീവിതത്തിന്റെ അമൃതായി മാറാൻ ഏവർക്കും കഴിയണമെന്നും അവയവദാനം ചെയ്യാൻ മടിക്കേണ്ടതില്ലെന്നുമാണ് കർണാടക ആരോഗ്യമന്ത്രി കെ. സുധാകർ പറഞ്ഞത്. ഒരു ദാതാവിന് എട്ട് ജീവൻ വരെ രക്ഷിക്കാനാകും. മരണശേഷം അവയവങ്ങൾ ദാനം ചെയ്യുമെന്ന് ജീവിച്ചിരിക്കുമ്പോൾ തന്നെ പ്രതിജ്ഞയെടുക്കാനും അസം എംഎൽഎ ദിഗന്ത കലിത ട്വിറ്ററിൽ ആഹ്വാനം ചെയ്തു. ട്വിറ്റർ വഴി നിരവധി രാഷ്‌ട്രീയ നേതാക്കളും പ്രമുഖരുമാണ് ജനങ്ങളെ പ്രോത്സാഹിപ്പിക്കാനായെത്തിയത്.
1954-ലാണ് ലോകത്ത് ആദ്യമായി അവയവദാനം നടത്തിയത്. റൊണാൾഡ് ലീ ഹെറിക്ക് യുഎസിലുള്ള തന്റെ ഇരട്ട സഹോദരന് വൃക്ക ദാനം ചെയ്തു. ഇതോടെ വൈദ്യശാസ്ത്ര രംഗത്ത് വൻ മുന്നേറ്റമാണ് സംഭവിച്ചത്.1990-ൽ അവയവമാറ്റ ശസ്ത്രക്രിയയിലെ നേട്ടങ്ങൾക്ക് ഡോക്ടർ ജോസഫ് മുറെയ്‌ക്ക് ശരീരശാസ്ത്രത്തിനും വൈദ്യശാസ്ത്രത്തിനും നോബൽ സമ്മാനം ലഭിച്ചു.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷൻ എന്ന നോഡൽ ബോഡിയിലേക്ക അവയവങ്ങൾ ദാനം ചെയ്യാൻ കഴിയും. ന്യൂഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയാണ് സംഘടനയുടെ ആസ്ഥാനം.
Comments