എല്ലാവർക്കും കഴിക്കാൻ ഏറെ ഇഷ്ടമുള്ള പ്രാതൽ വിഭവമാണ് ഇഡ്ഡലി. ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്നു എന്നത് ഇഡ്ഡലിയോടുള്ള നമുക്കുള്ള പ്രിയം വർദ്ധിപ്പിക്കുന്നു. ഇഡ്ഡലി ചട്‌നിയ്‌ക്കൊപ്പവും ചമ്മന്തിയ്‌ക്കൊപ്പവും കഴിക്കാമെങ്കിലും കൂടുതൽ ഇഷ്ടം സാമ്പാറിനൊപ്പം കഴിക്കുമ്പോഴാണ്. പുട്ട്- കടല, അപ്പം- മുട്ട എന്നിവ പോലെ പോലെ ഇഡ്ഡലി- സാമ്പാർ എന്നതും ഒരു കോമ്പോ ആയി മാറിയിരിക്കുന്നു.
സാമ്പാർ കൂടി ചേരുമ്പോൾ ഇഡ്ഡലിയ്‌ക്കുണ്ടാകുന്ന രുചിയാണ് ഈ കോമ്പോയെ നമുക്ക് പ്രിയപ്പെട്ടതാക്കുന്നത്. എന്നാൽ രുചി എന്നതിലുപരി ഇഡ്ഡലി- സാമ്പാർ കോമ്പോയ്‌ക്ക് ഒരു ശാസ്ത്രീയ വശം കൂടിയുണ്ടെന്നാണ് പറയപ്പെടുന്നത്.
ആവിയിൽ വേവിച്ച് എടുക്കുന്ന ഭക്ഷണമാണ് ഇഡ്ഡലി. അതിനാൽ ഇതിൽ കാലറിയുടെ അളവ് വളരെ കുറവായിരിക്കും. മാത്രമല്ല എണ്ണയുടെ ഉപയോഗവും ഇതിലില്ല. അതുകൊണ്ടുതന്നെ ഇഡ്ഡലി ശരീരത്തിലെ അനാവശ്യ കൊഴുപ്പിന് കാരണമാകുന്നില്ല. ഇതിന് പുറമേ ദഹനം എളുപ്പത്തിലാക്കാനും ഇഡ്ഡലി സഹായിക്കുന്നു. അരിയും ഉഴുന്നും അരച്ചാണ് ഇഡ്ഡലി ഉണ്ടാക്കുന്നത്. ഉഴുന്ന് പരിപ്പിൽ ധാരാളം അയൺ അടങ്ങിയിട്ടുണ്ട്. ഒരു ഇഡ്ഡലിയിൽ ഏകദേശം രണ്ട് ഗ്രാം പ്രോട്ടീൻ, രണ്ട് ഗ്രാം ഡയറ്റെറി ഫൈബർ, 8 ഗ്രാം കാർബോഹൈഡ്രേറ്റ് എന്നിവ അടങ്ങിയിട്ടുണ്ടെന്നാണ് പറയുന്നത്.
പച്ചക്കറികളാൽ സമ്പുഷ്ടമാണ് സാമ്പാർ. ഇക്കാരണം കൊണ്ടുതന്നെയാണ് ഇഡ്ഡലിയ്‌ക്കൊപ്പം എന്നും മികച്ചതായി സാമ്പാർ മാറുന്നത്. പച്ചക്കറികളിൽ നിന്നും നമ്മുടെ ശരീരത്തിന് ആവശ്യമുള്ള എല്ലാ പോഷണങ്ങളും ലഭിക്കുന്നു. കായം, ജീരകം, മല്ലി എന്നിവയെല്ലാം സാമ്പാറിൽ ചേർക്കാറുണ്ട്. രോഗപ്രതിരോധ ശേഷിക്കും, വയറിന്റെ ആരോഗ്യത്തിനും ഇവ ഏറെ ഗുണം ചെയ്യും. അതിനാൽ ആഴ്ചയിൽ ഒരിക്കൽ എങ്കിലും ഇഡ്ഡലിയും സാമ്പാറും പ്രാതലിൽ ഉൾപ്പെടുത്താൻ ശീലിക്കണം.
















Comments