ആലപ്പുഴ: ദേശീയ ഗാനത്തെയും, പതാകയേയും അപമാനിച്ച് സിപിഎം പഞ്ചായത്ത് അംഗം. ബുധനൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി രാമകൃഷ്ണനെതിരെയാണ് വ്യാപക പരാതി ഉയരുന്നത്. ദേശീയ പതാക തലതിരിച്ച് ഉയർത്തിയ രാമകൃഷ്ണൻ ദേശീയ ഗാനം പാടുമ്പോൾ ഫോണിൽ ഉറക്കെ സംസാരിക്കുകയും, അങ്ങോട്ടുമിങ്ങോട്ടും നടക്കുകയും ചെയ്തു.
ഹർ ഘർ തിരംഗയുടെ ഭാഗമായായി വീട്ടിലും, സമീപത്തെ അങ്കണവാടിയിലുമാണ് അദ്ദേഹം ദേശീയ പതാക ഉയർത്തിയത്. വീട്ടിൽ ദേശീയ പതാക ഉയർത്തിയപ്പോൾ തല തിരിഞ്ഞ് പോയി. തുടർന്ന് ഒപ്പമുളളവർ ഇടപെട്ട് താഴ്‌ത്തി വീണ്ടും ശരിയായി ഉയർത്തേണ്ടി വന്നു. ഇതിന് പിന്നാലെയാണ് സമീപത്തെ അങ്കണവാടിയിൽ പതാക ഉയർത്തി ദേശീയഗാനം ആലപിക്കുന്നതിനിടെ വൈസ് പ്രസിഡന്റ് അലക്ഷ്യമായി നിൽക്കുകയും ഫോണിൽ സംസാരിക്കുകയും ചെയ്തത്.
അങ്കണവാടിയിലെ ജീവനക്കാരും രാമകൃഷ്ണനൊപ്പം ഉണ്ടായിരുന്നു. ദേശീയ പതാക ഉയർത്തിയ ശേഷം അംഗങ്ങൾ ദേശീയ ഗാനം ആലപിക്കാൻ തുടങ്ങി. എന്നാൽ രാധാകൃഷ്ണൻ അലക്ഷ്യമായി നിൽക്കുകയായിരുന്നു. ഇതിനിടെ അദ്ദേഹത്തിന് ഫോൺ വന്നു. ഇത് നോക്കിക്കൊണ്ടിരുന്ന അദ്ദേഹം ദേശീയ ഗാനത്തിനിടെ ഫോണിൽ ഉച്ചത്തിൽ സംസാരിക്കുകയായിരുന്നു.
സംസാരിച്ചുകൊണ്ട് വീണ്ടും ദേശീയ പതാകയ്‌ക്ക് അടുത്തു നിന്നു. പിന്നെയും ഫോണുമായി മാറി നിൽക്കുകയായിരുന്നു. സംസാരിച്ചുകൊണ്ട് ദേശീയപതാകയ്‌ക്ക് സമീപം വരുന്നതിന്റെയും നടക്കുന്നതിന്റെയും ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇത് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ രാധാകൃഷ്ണനെതിരെ വലിയ വിമർശനവും ഉയർന്നു.
















Comments