ഡൽഹി: ബർമിംഗ്ഹാമിൽ അവസാനിച്ച കോമൺവെൽത്ത് ഗെയിംസിലെ വനിതാ താരങ്ങളുടെ പ്രകടനത്തെ പ്രത്യേകം അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയുടെ പെൺമക്കൾ എന്നായിരുന്നു അദ്ദേഹം അവരെ വിശേഷിപ്പിച്ചത്. കോമൺവെൽത്ത് ഗെയിംസിൽ രാജ്യത്തിന് അഭിമാനമായ പ്രകടനം കാഴ്ചവെച്ച് മടങ്ങിയെത്തിയ താരങ്ങളെയും പരിശീലകരെയും അഭിനന്ദിക്കുന്നതിനിടെ ആയിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകൾ.
ബോക്സിംഗ്, ജൂഡോ, ഗുസ്തി എന്നിവയിൽ ഇന്ത്യയുടെ പെൺമക്കളുടെ നേട്ടമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കോമൺവെൽത്ത് ഗെയിംസിലെ വനിതാ താരങ്ങളുടെ ആധിപത്യവും പ്രധാനമന്ത്രി ഉയർത്തിക്കാട്ടി. ‘നിങ്ങളെല്ലാം ബർമിംഗ്ഹാമിൽ മത്സരിക്കുമ്പോൾ, കോടിക്കണക്കിന് ഇന്ത്യക്കാർ ഇവിടെ രാത്രി വൈകുവോളം ഉണർന്നിരുന്ന് നിങ്ങളുടെ ഓരോ പ്രടനവും വീക്ഷിക്കുകയായിരുന്നു. ഏറ്റവും പുതിയ വിവരങ്ങൾ അറിയാനായി പലരും അലാറം വെച്ചാണ് ഉറങ്ങിയിരുന്നതും’. പ്രധാനമന്ത്രി പറഞ്ഞു.
ലോൺബോൾ മുതൽ അത്ലറ്റിക്സ് വരെ കായികതാരങ്ങൾ അസാധാരണമായ പ്രകടനമാണ് നടത്തിയത്. ചെറിയ മാർജിനിൽ നിരവധി മെഡലുകൾ നഷ്ടപ്പെട്ടു. പക്ഷെ നിശ്ചയദാർഢ്യമുള്ള താരങ്ങൾ ഉടൻ തന്നെ അത് പരിഹരിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് 4 പുതിയ മത്സരങ്ങളിൽ വിജയിക്കാനായെന്നും പ്രധാനമന്ത്രി പറഞ്ഞു.
അരങ്ങേറ്റത്തിൽ ഇറങ്ങിയ കളിക്കാരാണ് 31 മെഡലുകൾ നേടിയത്. ഇത് യുവജനങ്ങളുടെ വർദ്ധിച്ചുവരുന്ന ആത്മവിശ്വാസത്തെ സൂചിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ഖേലോ ഇന്ത്യ തട്ടകത്തിൽ നിന്ന് അന്താരാഷ്‌ട്ര വേദിയിൽ മികച്ച പ്രകടനം കാഴ്ചവച്ച കളിക്കാരോടുള്ള സന്തോഷവും പ്രധാനമന്ത്രി പ്രകടിപ്പിച്ചു. ടാർഗെറ്റ് ഒളിമ്പിക് പോഡിയം സ്‌കീം നല്ല ഫലം കണ്ടതും അദ്ദേഹം പരാമർശിച്ചു. പുതിയ പ്രതിഭകളെ കണ്ടെത്തി അവരെ വിജയവേദിയിലെത്തിക്കുന്നതിനുള്ള ശ്രമങ്ങൾ ഊർജിതമാക്കേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രി എടുത്തുപറഞ്ഞു.
നിങ്ങളുടെ വർദ്ധിച്ചുവരുന്ന അംഗീകാരവും കഴിവും സ്വീകാര്യതയും രാജ്യത്തെ യുവതലമുറയ്‌ക്കായി പ്രയോജനപ്പെടുത്തണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. വരാനിരിക്കുന്ന ഏഷ്യൻ ഗെയിംസിനും ഒളിമ്പിക്സിനും നന്നായി തയ്യാറെടുക്കാൻ കായികതാരങ്ങളോട് പ്രധാനമന്ത്രി അഭ്യർത്ഥിച്ചു. കേന്ദ്ര യുവജനകാര്യ, കായിക മന്ത്രി അനുരാഗ് ഠാക്കൂർ, യുവജനകാര്യ, കായിക സഹമന്ത്രി നിസിത് പ്രമാണിക് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
Comments