ന്യൂഡൽഹി: കടൽവെള്ളത്തിൽ എൽഇഡി ലാമ്പുകൾ പ്രകാശിക്കും. ‘റോഷ്നി’ എന്ന് പേരിട്ടിരിക്കുന്ന ആദ്യത്തെ സലൈൻ വാട്ടർ വിളക്ക് അനാച്ഛാദനം ചെയ്ത് കേന്ദ്ര മന്ത്രി ജിതേന്ദ്ര സിംഗ്. തീരദേശ ഗവേഷണത്തിനായി ചെന്നൈയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്നോളജി ഉപയോഗിക്കുന്ന തീരദേശ ഗവേഷണ കപ്പലായ സാഗർ അൻവേശിക സന്ദർശിച്ച വേളയിലാണ് മന്ത്രി ‘റോഷ്നി’ അനാച്ഛാദനം ചെയ്തത്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്‌നോളജി (എൻഐഒടി) ആണ് റോഷ്‌നിയുടെ കണ്ടുപിടുത്തതിന് പിന്നിൽ. 7500 കിലോമീറ്റർ നീളമുള്ള ഇന്ത്യയുടെ തീരപ്രദേശത്ത് താമസിക്കുന്ന മത്സ്യത്തൊഴിലാളി സമൂഹത്തിന് കടൽവെള്ള വിളക്ക് ജീവിതം ലളിതമാക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
കടൽവെള്ളം ലഭ്യമല്ലാത്ത പ്രദേശങ്ങളിലും ഈ സാങ്കേതികവിദ്യ ഉപയോഗിക്കാമെന്നും ഡോ ജിതേന്ദ്ര സിംഗ് ചൂണ്ടിക്കാട്ടി. സാധാരണ ഉപ്പ് കലർന്ന വെള്ളത്തിനും വിളക്കിന് ഊർജ്ജം പകരാൻ കഴിയും. ഗ്രാമ പ്രദേശങ്ങളിലും ദുരന്തസമയത്തും സഹായകരമാകുന്ന വിളക്കിന്റെ ഉൽപ്പാദനം വർദ്ധിപ്പിക്കുമെന്നും സിംഗ് അറിയിച്ചു. കാർബൺ ഉപയോഗം കുറയ്‌ക്കുക ലക്ഷ്യമിട്ട് ഊർജ്ജ മന്ത്രാലയത്തിന്റെ സോളാർ സ്റ്റഡി ലാംപുകൾ പോലെയുള്ള പുനരുപയോഗ ഊർജ പരിപാടിക്ക് റോഷിനി വിളക്കുകളും സഹായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എം.ഒ.ഇ.എസ് സെക്രട്ടറി ഡോ. എം. രവിചന്ദ്രൻ എന്നിവർക്കൊപ്പം ജിതേന്ദ്ര സിംഗ് ലബോറട്ടറികൾ സന്ദർശിച്ചു. ‘ഹർ ഘർ തിരംഗ’യുടെ പ്രചാരണം ‘ഹർ ജഹാജ് തിരംഗ’ വരെ നീട്ടിയാണ് മന്ത്രി കപ്പലിൽ പതാക ഉയർത്തിയത്. കപ്പലിലെ എൻഐഒടിയിലെ മുതിർന്ന ശാസ്ത്രജ്ഞരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഇന്ത്യയുടെ ഡീപ് ഓഷ്യൻ മിഷൻ നടപ്പാക്കുന്നതിന്റെ പുരോഗതി അവലോകനം ചെയ്തു.
















Comments