ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സ്കൂട്ടറാണ് ഹോണ്ട ആക്ടീവ. ജനഹൃദയങ്ങളിൽ ഇടം നേടിയ ആക്ടീവയുടെ ഏറ്റവും പുതിയ മോഡൽ പുറത്തിറക്കാനുള്ള തിരക്കിലാണ് ഹോണ്ട. ഹോണ്ട ആക്ടിവ 7G ഉടൻ ലോഞ്ച് ചെയ്യുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. പുതിയ സ്കൂട്ടറിന്റെ മുഴുവൻ രൂപഘടനയും വെളിപ്പെടുത്തുന്ന ഒരു ചിത്രം ഹോണ്ട മോട്ടോർസൈക്കിൾസ് ആൻഡ് സ്‌കൂട്ടർ ഇന്ത്യ ലിമിറ്റഡ് പുറത്തുവിട്ടു. നിലവിലെ മോഡലിന് സമാനമാണ് പുതിയ ആക്ടീവയെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നിരുന്നാലും സ്കൂട്ടറിനെ കൂടുതൽ സൗന്ദര്യത്തോടെയാണ് അവതരിപ്പിച്ചരിക്കുന്നത്.
രണ്ട് വര്‍ഷം മുമ്പാണ് ആക്ടിവ 6G അവതരിപ്പിച്ചത്. വർഷങ്ങളായി ഇന്ത്യയിൽ ഏറ്റവും വിറ്റഴിക്കപ്പെടുന്ന സ്കൂട്ടറാണ് ഹോണ്ട ആക്ടീവ. മറ്റൊരു കമ്പനിയ്‌ക്കും മോഡലിനും ആക്ടീവയെ പിന്തള്ളാൻ സാധിച്ചിട്ടില്ല. ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഇന്ത്യൻ ഇരുചക്രവാഹനങ്ങളുടെ പട്ടികയിൽ ഹീറോ സ്‌പ്ലെൻഡറിനെ പിന്തള്ളി ഹോണ്ട ഒന്നാം സ്ഥാനം കരസ്ഥമാക്കിയത് ആക്ടിവയുടെ ഒറ്റ കരുത്തിലായിരുന്നു. ഉടൻ ലോഞ്ച് ചെയ്യാനിരിക്കുന്ന ഹോണ്ട ആക്ടിവ 7G കൂടി വരുന്നതോടെ ആക്ടീവയുടെ കരുത്ത് വർദ്ധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
സ്റ്റാൻഡേർഡ്, സ്‌പോർട്‌സ്, നോർമൽ എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലായിരിക്കും ഹോണ്ട ആക്ടിവ 7G ലഭ്യമാകുക. നിലവിലെ 110 സിസി ഫാൻ-കൂൾഡ് ഫോർ-സ്ട്രോക്ക് എഞ്ചിൻ സ്‍കൂട്ടറില്‍ തുടരും. പരമാവധി 7.68 bhp കരുത്തും 8.79 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാൻ ഈ എഞ്ചിന് സാധിക്കും. ആക്ടീവ 6G-യെ അപേക്ഷിച്ച് പുതിയ മോഡലിന് ഇന്ധനക്ഷമത വർദ്ധിപ്പിക്കാനാണ് കമ്പനിയുടെ നീക്കം. ഇന്ധനക്ഷമത മെച്ചപ്പെടുന്നതോടെ വരാനിരിക്കുന്ന മോഡലിന് പവറും ടോർക്ക് ഔട്ട്പുട്ടും തിരികെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എൽഇഡി ഹെഡ്‌ലാമ്പുകൾ, എൽഇഡി ടെയിൽലൈറ്റുകൾ, എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകൾ, എൽഇഡി ടേൺ ഇൻഡിക്കേറ്ററുകൾ, ഫുൾ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവയുൾപ്പെടെയാണ് പുതിയ ഹോണ്ട ആക്ടിവ 7G എത്തരുന്നത്. ഉടൻ ലോഞ്ച് ചെയ്യും എന്ന് കമ്പനി പറയുമ്പോഴും ചിത്രം പുറത്തിറക്കിയതല്ലാതെ മറ്റ് വിവരങ്ങളൊന്നും സ്കൂട്ടറിനെപ്പറ്റി ഹോണ്ട വെളിപ്പെടുത്തിയിട്ടില്ല.
Comments