മുംബൈ:ഹർഘർ തിരംഗ ക്യാമ്പയ്ന്റെ ഭാഗമായി വാഹനറാലിയും 10 കിലോമീറ്റർ ഓട്ടവും സംഘടിപ്പിച്ച് മുംബൈ പോലീസ്. 3,500 ഓളം പോലീസുകാരാണ് പരിപാടിയിൽ പങ്കെടുത്തത്. പത്ത് കിലോമീറ്റർ ഓട്ടത്തിൽ ത്രിവർണനിറത്തിലുള്ള ടീ ഷർട്ടുകൾ അണിഞ്ഞാണ് പോലീസുകാർ പങ്കെടുത്തത്.
മറൈൻ ഡ്രൈവിൽ നിന്നാണ് പരിപാടി ആരംഭിച്ചത്. മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസും ബോളിവുഡ് നടൻ അക്ഷയ് കുമാറും ചേർന്നാണ് ഫ്ളാഗ് ഓഫ് ചെയ്തത്. പ്രധാനമന്ത്രി ഇക്കുറി ഹർ ഘർ തിരംഗ ആണ് ആവശ്യപ്പെട്ടത്. അടുത്ത വർഷം അത് ഹർ ഹാത് തിരംഗ (എല്ലാ കൈകളിലും തിരംഗ) ആയി മാറണമെന്ന് അക്ഷയ് കുമാർ പറഞ്ഞു.
നൂറോളം നാലു ചക്ര വാഹനങ്ങളും 60 ബൈക്കുകളും റാലിയിൽ അണിനിരന്നു. സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിന്റെ ഭാഗമായി മഹാരാഷ്‌ട്രയിൽ നിരവധി പരിപാടികളാണ് സർക്കാർ മുൻകൈയ്യെടുത്ത് നടത്തുന്നത്. ഇതിന്റെ ഭാഗമായിട്ടായിരുന്നു പോലീസുകാരും പരിപാടി സംഘടിപ്പിച്ചത്.
വനിതാ പോലീസുകാർ ഉൾപ്പെടെ പ്രായഭേദമെന്യേ നിരവധി പേർ ഓട്ടത്തിൽ പങ്കെടുത്തു. 13 മുതൽ 15 വരെ നടക്കുന്ന ഹർ ഘർ തിരംഗ ക്യാമ്പെയ്‌നിൽ എല്ലാ പൗരൻമാരും പങ്കെടുക്കണമെന്ന് മഹാരാഷ്‌ട്ര പോലീസ് സമൂഹമാദ്ധ്യമങ്ങളിലൂടെ അഭ്യർത്ഥിച്ചിരുന്നു.
















Comments