തിരുവനന്തപുരം: വിവാദങ്ങൾക്കിടയിൽ സ്വാതന്ത്ര്യദിനാശംസകൾ നേർന്ന് കെ.ടി.ജലീൽ എംഎൽഎ. കശ്മീരുമായി ബന്ധപ്പെട്ട് രാജ്യവിരുദ്ധ പ്രസ്താവന നടത്തിയതോടെ വിവാദം കടുത്തിരുന്നു. പിന്നാലെ പോസ്റ്റ് പിൻവലിച്ചതല്ലാതെ കൃത്യമായ വിശദീകരണം നൽകാൻ എംഎൽഎ തയ്യാറായിരുന്നില്ല. ജലീലിനെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തണമെന്ന് ആവശ്യം ശക്തമാകുന്നതിനിടെയാണ് രാജ്യം സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ആഘോഷിക്കുമ്പോൾ ആശംസ നേർന്ന് എംഎൽഎ രംഗത്ത് വന്നത്. ഫേയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ജലീൽ ആശംസ അറിയിച്ചിരിക്കുന്നത്.
സ്വാതന്ത്ര്യം മനുഷ്യന്റെ ജന്മാവകാശമാണ്. ശക്തിയും ആയുധവും കൊണ്ട് ബലവാന്മാർ എത്രയോ നൂറ്റാണ്ടുകൾ അവർക്കത് നിഷേധിച്ചു. ലോകമൊട്ടുക്കും സാമ്രാജ്യത്വത്തിന്റെയും അടിമത്തത്തിന്റെയും കരാള ഹസ്തങ്ങളിൽ നിന്നുള്ള മോചനത്തിനായി പതിറ്റാണ്ടുകൾ നീണ്ട പോരാട്ടങ്ങൾ അരങ്ങേറി. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിന്റെ ബലിക്കല്ലിൽ ലക്ഷക്കണക്കിന് മനുഷ്യരാണ് പിടഞ്ഞു മരിച്ചത്. സമരത്തിൽ പങ്കെടുത്ത് ജീവിതം കശക്കിയെറിയപ്പെട്ടവർക്ക് കയ്യും കണക്കുമില്ല. ധീര കേസരികളുടെ തുല്യതയില്ലാത്ത ത്യാഗത്തെ അഭിമാനപൂർവ്വം നമുക്ക് അനുസ്മരിക്കാം എന്നാണ് ജലീലിന്റെ ഫേയ്സ്ബുക്ക് പോസ്റ്റ്.
ഇന്ത്യ അധീന കശ്മീർ, ആസാദ് കശ്മീർ എന്നിങ്ങനെ കശ്മീരിനെ പരാമർശിച്ച ജലീലിനെതിരെ പ്രതിഷേധങ്ങൾ കെട്ടടങ്ങിയിട്ടില്ല . പാക് ചാരന്റെ വാക്കുകളാണ് കെ.ടി ജലീലിന്റേതെന്ന് ബിജെപി അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ വിമർശിച്ചിരുന്നു. ഇന്ത്യയുടെ ഭരണഘടനയെയും സൈന്യത്തെയും ബഹുമാനമില്ലാത്ത ഒരാൾ ഇന്ത്യയിൽ ജീവിക്കാൻ അർഹനല്ലെന്നും ജലീൽ പാകിസ്താനിൽ പോകണമെന്നും കടുത്ത ഭാഷയിലാണ് സുരേന്ദ്രൻ വിമർശിച്ചത്. സംഭവത്തിൽ എംഎൽഎ ഇതുവരെ മാപ്പ് പറയാൻ തയ്യാറായിട്ടില്ല. വിഷയത്തിൽ മുഖ്യമന്ത്രി മൗനം തുടരുന്നതും പോലീസ് കേസെടുക്കാൻ തയ്യാറാകാത്തതും വലിയ വിമർശനത്തിന് കാരണമാകുന്നുണ്ട്. നിയമ നടപടി സ്വീകരിക്കാത്ത പക്ഷം ശക്തമായ പ്രതിഷേധത്തിനൊരുങ്ങുകയാണ് ബിജെപി.
Comments