കണ്ണൂർ: കണ്ണൂർ സർവ്വകലാശാലയിലെ അദ്ധ്യാപക നിയമനം സംബന്ധിച്ച വിമർശനങ്ങൾക്കിടെ ന്യായീകരണവുമായി കെ.കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗ്ഗീസ്. ഫേസ്ബുക്കിലൂടെയാണ് പ്രിയ സ്വയം ന്യായീകരിച്ച് രംഗത്ത് വന്നിരിക്കുന്നത്. വിവരാവകാശരേഖ എന്ന് പറഞ്ഞ് എഴുന്നള്ളിക്കുന്ന ചില അക്കങ്ങളിലെ കള്ളക്കളികൾ ഇപ്പൊ തന്നെ തുറന്നു കാട്ടേണ്ടതുണ്ടെന്ന് പറഞ്ഞാണ് ഫേസ്ബുക്ക് പോസ്റ്റ്.
സർവ്വകലാശാലയിൽ ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കുമ്പോൾ ഡാറ്റാ ഷീറ്റിലെ ഓരോ കോളത്തിലും ടൈപ്പ് ചെയ്തു കൊടുക്കുന്ന മുറക്ക് സ്കോർ കോളത്തിൽ തത്തുല്യമായ അക്കം ഓട്ടോ ജനറേറ്റ് ആവും. അങ്ങിനെ അപേക്ഷ പൂരിപ്പിച്ചു കഴിയുമ്പോൾ നമ്മുടെ ആകെ സ്കോറും ഓട്ടോ ജനറേറ്റ് ആയി വരും. ഇങ്ങിനെ ഓൺലൈൻ അപേക്ഷയിൽ കമ്പ്യൂട്ടർ സോഫ്റ്റ്വെയർ അടയാളപ്പെടുത്തിയ അക്കങ്ങൾ ആണ് ഇപ്പോൾ ഈ പ്രദർശിപ്പിച്ചുകൊണ്ടിരിക്കുന്നതെന്നാണ് പ്രിയ പറയുന്നത്. ഇതിൽ സർവ്വകലാശാല നേരിട്ട് പരിശോധന നടത്തിയിട്ടില്ല. ഇന്റർവ്യൂവും ഓൺലൈൻ ആയതിനാൽ നേരിട്ടുള്ള പരിശോധന നടന്നില്ല. അതിനാൽ തന്റെ 156ഉം അപരന്റെ 651ഉം എല്ലാം ഞങ്ങളുടെ അവകാശവാദങ്ങൾ മാത്രമാണെന്നും പ്രിയ ഫേസ്ബുക്കിൽ കുറിച്ചു.
ഒരു കമ്മ്യൂണിസ്റ്റ്കാരന്റെ ജീവിതപങ്കാളി എന്ന നിലക്ക് എല്ലായ്പോഴും സോഷ്യൽ ഓഡിറ്റിനെ ഭയന്നു ജീവിക്കുന്ന ഒരാളാണ് ഞാൻ. അതുകൊണ്ട് അപേക്ഷ പൂരിപ്പിക്കുമ്പോഴും അതിജാഗ്രത ഉണ്ടായിരുന്നു. അപ്രൂവ്ഡ് ജേണൽസ് ഇൻ മലയാളം ലിസ്റ്റിൽ ഉൾപ്പെട്ട ജേണലുകൾ മാത്രമാണ് പട്ടികയിൽപ്പെടുത്തിയത്. മറ്റുള്ളവ കൂടി ഉൾപ്പെടുത്തിയിരുന്നുവെങ്കിൽ സ്കോർ ഇനിയും വർദ്ധിച്ചേനേ. വിവരാവകാശ രേഖയിൽ തന്റെ സ്കോർ ഇപ്പോൾ ഉള്ളതിന്റെ ഇരട്ടി എങ്കിലും ആയേനെ. താൻ ക്ലയിം ചെയ്തതത്രയും ഈ കഴിഞ്ഞ ഒന്നാം തിയതി താവക്കരയിലെ സർവ്വകലാശാല ആസ്ഥാനത്തു വെച്ച് നേരിട്ട് പരിശോധിക്കുകയും പ്ലേഗറിസം പരിശോധനക്കായി സോഫ്റ്റ്കോപ്പി അയച്ചു കൊടുക്കാൻ ആവശ്യപ്പെട്ടപ്രകാരം അയച്ചു നൽകുകയും ചെയ്തിരുന്നു. ഇതിന് ശേഷമാണ് വിവാദങ്ങൾ ഉയർന്നിരിക്കുന്നതെന്നും പ്രിയ വർഗ്ഗീസ് ആരോപിച്ചു.
Comments